മൈക്ക് തകരാറിലായ സംഭവം; രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് കേസെടുത്ത പൊലീസിനെന്ന് എം.എം.ഹസൻ
|ഇത് കേരളമാണോ ഉത്തര കൊറിയ ആണോ എന്നും എം.എം.ഹസൻ ചോദിക്കുന്നു.
തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതിൽ കേസെടുത്ത വാർത്ത അത്ഭുതപ്പെടുത്തുന്നതെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. സംസ്ഥാനം ഉത്തരകൊറിയ ആയി മാറി. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് പൊലീസിനെന്നും എം.എം.ഹസൻ വിമർശിച്ചു.
കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട പരിപാടികൾക്കെല്ലാം ഇതേ ഉടമയുടെ മൈക്കാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഒരു സാങ്കേതിക തകരാറിന്റെ പേരിൽ കേസെടുക്കുകയെന്നത് അത്ഭുതമാണ്. എല്ലാം ജനങ്ങൾ വിലയിരുത്തട്ടേ എന്നും എം.എം.ഹസൻ പറഞ്ഞു.
മൈക്ക് തകരാറിലായത് തിരക്കിൽ ആളുകൾ തട്ടിയാണെന്ന് മൈക്ക് സെറ്റ് ഉടമ രഞ്ജിത്ത് പറഞ്ഞു. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ സദസിന് മുന്നിൽ തിരക്കായി. തിരക്കിനിടെ ആളുകൾ കേബിളിൽ തട്ടിയാണ് ശബ്ദം ഉയർന്നത്. ഇതോടെയാണ് ഹൗളിങ് സംഭവിച്ചത്. തിരക്കിനിടെ പ്രശ്നം പരിഹരിക്കാൻ 10 സെക്കന്റ് വൈകിയെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തും. മൈക്ക് തടസപ്പെടുത്തിയത് മനഃപൂർവമാണെന്നാണ് എഫ്.ഐ.ആർ. പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി മൈക്ക് ഓപ്പറേറ്റേഴ്സ് അസോസിയേഷനും രംഗത്തെത്തി.