പ്രസംഗം മോശമാക്കണമെങ്കിൽ എളുപ്പമായിരുന്നു, നന്നാക്കാനല്ലേ അവൻ നോക്കിയത്?; മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതിനെതിരെ അസോസിയേഷൻ
|ജനകീയ പ്രതിരോധജാഥയിൽ സംസാരിക്കുന്നതിനിടെ മൈക്കിനടുത്തേക്ക് നീങ്ങിനിന്ന് സംസാരിക്കാൻ നിർദേശിച്ചപ്പോഴാണ് എം.വി ഗോവിന്ദൻ ഓപ്പറേറ്ററെ ശകാരിച്ചത്.
തൃശൂർ:ജനകീയ പ്രതിരോധജാഥക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതിനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആന്റ് സൗണ്ട് എഞ്ചിനീയറിങ് ആന്റ് പ്രൊപ്രൈറ്റർ അസോസിയേഷൻ രംഗത്ത്. പ്രസംഗം മോശമാക്കണമെങ്കിൽ എളുപ്പമായിരുന്നു. ചെറിയ മാറ്റം വരുത്തിയാൽ സ്ത്രീയുടെ ശബ്ദമാക്കാനും പ്രസംഗം മനസ്സിലാകാത്ത രീതിയിലാക്കാനും സാധിക്കും. നന്നാക്കാനാണ് ഓപ്പറേറ്റർ ശ്രമിച്ചത്. അതിന്റെ പേരിലാണ് ശകാരം കേൾക്കേണ്ടി വന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓപ്പറേറ്ററോട് സ്വകാര്യമായി പറയുന്നതായിരുന്നു ശരി. അത്രയും വലിയ സദസിന് മുന്നിൽവെച്ച് അപമാനിച്ചത് വേദനാജനകമാണ്. പരസ്യമായി അപമാനിച്ചതിൽ വിഷമമുണ്ടെന്നും എന്നാൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നുമാണ് ഓപ്പറേറ്റർ പറഞ്ഞതെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രതിരോധജാഥയിൽ സംസാരിക്കുന്നതിനിടെ ഓപ്പറേറ്റർ മൈക്കിനടുത്തേക്ക് നീങ്ങിനിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടതാണ് എം.വി ഗോവിന്ദനെ പ്രകോപിപ്പിച്ചത്. മൈക്ക് പ്രവർത്തിപ്പിക്കുന്നതിന് നിരവധി ആധുനിക സംവിധാനങ്ങളുണ്ടെന്നും അതൊന്നും അറിയാതെ കുറേ സാധനങ്ങൾ കൊണ്ടുവന്ന് അവസാനം മൈക്കിനടത്തേക്ക് നീങ്ങിനിൽക്കാൽ കൽപ്പിക്കുകയാണ് എന്നുമൊക്കെയായിരുന്നു എം.വി ഗോവിന്ദൻ വേദിയിൽ പരസ്യമായി പ്രതികരിച്ചത്.