ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടയിലെ മൈക്ക് തകരാർ; മനഃപൂർവമെന്ന് എഫ്.ഐ.ആർ
|ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിക്കിടെ ഉണ്ടായ സംഭവത്തിലാണ് കന്റോൺമെന്റ് പൊലീസ് സ്വമേധയാ കേസെടുത്തത്
തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തടസപ്പെടുത്തിയത് മനഃപൂർവമെന്ന് എഫ്.ഐ.ആർ. പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്ന് ഉദേശിച്ചിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. എഫ്.ഐ.ആറിൽ പ്രതിയുടെ പേര് രേഖപെടുത്തിയിട്ടില്ല. സംഭവത്തിൽ കന്റോൺമെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസ്.
118 ഇ കെ.പി.എ, അഥവാ പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതുസുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അയ്യങ്കാളി ഹാളില്‍ ഇന്നലെയായിരുന്നു കെ.പി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന് ഇടയ്ക്ക് സാങ്കേതികത്തകരാർ ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോൾ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് കേസ്. മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ച് പങ്കെടുത്തിട്ടും അപമാനിക്കുന്ന രീതിയിലായിരുന്നു കോൺഗ്രസ് സമീപനമെന്നായിരുന്നു ഒരുവിഭാഗം സി.പി.എം നേതാക്കളുടെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെ മന്ത്രി വി.എന്‍ വാസവൻ വിമർശിച്ചിരുന്നു. എന്നാൽ മുദ്രാവാക്യം അനാദരവ് അല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.