Kerala
Micro Finance company agents attack in Kollam
Kerala

മൈക്രോ ഫിനാൻസ് കമ്പനിയുടെ ആക്രമണം; കൊല്ലത്ത് ഹൃദ്രോഗിയായ ഗൃഹനാഥനും മകൾക്കും പരിക്ക്‌

Web Desk
|
20 Oct 2023 5:40 AM GMT

അഞ്ചുപേർ ചേർന്ന് എടുത്ത ലോൺ ഒരാൾ അടയ്ക്കാതെ മുടങ്ങിയതിനു മറ്റൊരാളുടെ വീടുകയറി ആക്രമിക്കുകയായിരുന്നു

കൊല്ലം: കൊല്ലത്ത് വീടുകയറി ആക്രമണം നടത്തി മൈക്രോ ഫിനാൻസ് കമ്പനി. അഞ്ചുപേർ ചേർന്ന് എടുത്ത ലോൺ ഒരാൾ അടയ്ക്കാതെ മുടങ്ങിയതിനു മറ്റൊരാളുടെ വീടുകയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രോഗിയായ ഗൃഹനാഥനും മകൾക്കും പരിക്കേറ്റു.

കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗത്തുള്ള മണിയും മറ്റു നാല് സ്ത്രീകളും ചേർന്ന് JMJ ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്ന് 24000 രൂപ വീതം ലോണെടുത്തിരുന്നു. ഓരോ ആഴ്ചയും 710 രൂപ വീതം 52 ആഴ്ചയാണ് തിരിച്ചടവ്. അഞ്ചിൽ ഒരാളായ ദിവ്യ, ഒരുതവണ മുടക്കിയതിനാണ് സ്ഥാപനത്തിലെ ജീവനക്കാർ കൂട്ടത്തിൽ ഒരാളായ മണിയുടെ വീട്ടിലെത്തി അതിക്രമം കാണിച്ചത്.

പണം വൈകുന്നേരം നൽകാമെന്ന് പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെ കൂടുതൽ ജീവനക്കാരെ കളക്ഷൻ ഏജന്റുമാർ വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെ സ്ത്രീകളോട് ഇവർ മോശമായി പെരുമാറുകയും ചെയ്തു. മകളുടെ കയ്യിൽ കയറി ജീവനക്കാരൻ പിടിച്ചതോടെയാണ് രോഗിയായ രാധാകൃഷ്ണൻ ഇടപെട്ടത്. സ്‌ട്രോക്ക് വരികയും ഹൃദ്രോഗത്തിന് ചികിത്സ നടത്തുകയും ചെയ്യുന്ന ആളാണ് രാധാകൃഷ്ണൻ. ക്രൂരമായ മർദനമാണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

തലയ്ക്കും മുഖത്തും ഉൾപ്പെടെ മാരകമായി പരിക്കേറ്റ രാധാകൃഷ്ണനും കൈക്ക് പരിക്കേറ്റ മകളും ചികിത്സ തേടി. വീടുകയറി ആക്രമണമെന്ന പരാതിയിൽ കേസെടുത്ത കരുനാഗപ്പള്ളി പോലീസ് നാട്ടുകാർ പിടിച്ചു നൽകിയ രണ്ടു പ്രതികളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മറ്റ് 6 പ്രതികളെ ഇനിയും പിടികൂടാൻ ഉണ്ട്. ശക്തമായ നടപടി ആവശ്യപ്പെട്ട് ഉന്നത പോലീസുദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

Similar Posts