അർധരാത്രി കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പരിശോധന; പാലക്കാട് നാടകീയ രംഗങ്ങൾ
|ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിതാ നേതാക്കളുടെ റൂമിലേക്ക് പൊലീസ് കയറിയെന്ന് പരാതി
പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ സംഘർഷം. ഹോട്ടലിൽ പണം എത്തിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി പൊലീസ് എത്തിച്ചേരുകയായിരുന്നു.
പുലർച്ചെ ഒന്നരയോടെ പൊലീസ് എത്തിയതോടെ പ്രതിരോധവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.
ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ അടക്കമുള്ള വനിതാ നേതാക്കളുടെ മുറിയിലേക്ക് പൊലീസ് കയറിയെന്ന് പരാതി പറഞ്ഞ കോൺഗ്രസ് നേതാക്കൾ പൊലീസിനെതിരെ വാക്കേറ്റം നടത്തി.
കോൺഗ്രസ് നേതാക്കൾ പ്രതിഷേധം തുടങ്ങിയതോടെ ഇടത്, യുവമോർച്ച പ്രവർത്തകരും ഹോട്ടലിലെത്തുകയായിരുന്നു.
തുടർന്ന് യുവമോർച്ച നേതാക്കളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യങ്കളിയും നടന്നു.
സംഘർഷം ഗുരുതരമായതോടെ സംഭവസ്ഥലത്തേക്ക് ഷാഫി പറമ്പിൽ എംപിയും വി.കെ ശ്രീകണ്ഠൻ എംപിയും എത്തി. എന്നാൽ പരിശോധന നടത്തുന്നത് വരെ എംപിമാരെ കയറ്റിവിടാൻ പാടിലെന്ന് പറഞ്ഞ് യുവമോർച്ച പ്രവർത്തകരും രംഗത്തുവന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ എംപിമാരെ തടഞ്ഞു.
കോൺഗ്രസ് നേതാക്കൾ എന്തോ ഒളിക്കാനായി ബഹളം സൃഷ്ടിക്കുകയാണെന്നും ഇവരെ മാറ്റി എല്ലാ മുറിയിലും പരിശോധന നടത്തണമെന്നും സ്ഥലത്തെത്തിയ എ.എ റഹീം പറഞ്ഞു.