'ദുഃഖങ്ങൾ മറച്ചുവെച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് ഞാൻ'; വിവാദ പോസ്റ്റിനെക്കുറിച്ച് ഷാഹിദാ കമാൽ
|വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോൾ ചിരിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കിലിട്ടതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു, പിന്നാലെയാണ് വിശദീകരണം
വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. 'ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാക്കേണ്ട കാര്യമില്ല, ദുഖങ്ങൾ മറച്ചുവെച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളായതുകൊണ്ടാണ് ചിരിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കിലിട്ടത്', ഷാഹിദാ കമാൽ പറഞ്ഞു. വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോൾ ചിരിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കിലിട്ടതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാഹിദാ കമാലിന്റെ വിശദീകരണം.
അതേസമയം വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറു വയസുകാരിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഷാഹിദ കമാൽ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ കുട്ടിയുടെ കുടുംബവുമായി സംസാരിച്ച് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് രക്ഷിതാക്കൾ അറിയിച്ചതായും കേസിലെ തുടർനടപടികൾ കമ്മീഷൻ നിരീക്ഷിക്കുമെന്നും പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം ഷാഹിദ കമാൽ വ്യക്തമാക്കി.