ഫൈനടിച്ചു ക്ഷീണമായെങ്കില്‍ ഇനിയല്പം മില്‍മ ജൂയ് ആവാം; കെ.എസ്.ഇ.ബിയെയും എം.വി.ഡിയെയും ട്രോളി മില്‍മ
|ഒപ്പം മില്‍മയുടെ ഉല്പന്നത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പും വൈദ്യുതി വകുപ്പും പരസ്പരം പിഴ ചുമത്തി മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ക്യാമറയില്‍ പിടിച്ച് കെ.എസ്.ഇ.ബിക്ക് പിഴ ചുമത്തുമ്പോള്‍ ബില്‍ അടച്ചില്ലെന്ന കാരണത്താല്‍ പല എം.വി.ഡി ഓഫീസുകളിലെയും ഫ്യൂസ് കെ.എസ്.ഇ.ബി ഊരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇവരുടെ പോര് വൈറലായിരുന്നു. ട്രോളുകളുടെ പൊടിപൂരമായിരുന്നു പിന്നെ കണ്ടത്. ഇപ്പോഴിതാ മില്‍മയും ട്രോളുമായി എത്തിയിരിക്കുകയാണ്.
''നിയമവും നിയന്ത്രണവും ഏവർക്കും ബാധകമാകുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാഴ്ചക്കാർക്കും ക്ഷീണമായെങ്കിൽ ഒരൽപ്പം മിൽമ Jooy ആവാം'' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം മില്‍മയുടെ ഉല്പന്നത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. പരസ്പരം പിഴ ചുമത്തിയതിന്റെ കണക്കിനെ സൂചിപ്പിച്ച് കെ.എസ്.ഇ.ബി-04, എം.വി.ഡി-02 എന്ന സ്കോര്‍ ബോര്‍ഡില്‍ നല്‍കിയിട്ടുമുണ്ട്. നിരവധി പേരാണ് ഇതിനു താഴെ രസകരമായ കമന്റുകളും ട്രോളുകളുമായെത്തിയത്. കളി ആശാന്റെ നെഞ്ചത്തു കേറി ആവും സുക്ഷിച്ചാൽ ദുഃഖിക്കേണ്ട നന്ദിനി വരട്ടെ,അടുത്തത് മിൽമ വണ്ടിക്ക് ആണെന്നാ കേട്ടത്,ഇനി kseb മിൽമടെ ഫ്യൂസും ഊരി, MVD മിൽമടെ വണ്ടിക്ക് ഫൈനും ഇട്ടാൽ മത്സരം കെങ്കേമമായി...എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് കെ.എസ്.ഇ.ബിക്ക് എം.വി.ഡി പിഴയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ വാഹനത്തിന് പിഴ നോട്ടിസ് നൽകിയ എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരുകയായിരുന്നു. തുക കുടിശികയായതിനെ തുടർന്നാണ് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചത്. ജൂലൈ 1ന് രാവിലെ ജീവനക്കാർ എത്തിയാണ് ഫ്യൂസൂരിയത്.പിന്നീട് സംഭവം വിവാദമായതോടെ പിഴ 500 രൂപയിൽ ഒതുക്കി. അതിനിടയിലാണ് കാസർകോട്ടെ എം വി ഡി ഓഫീസിലെ ഫ്യൂസ് ഊരിയത്. ഇതോടെ ഓഫീസിലെ പ്രവർത്തനങ്ങൾ എല്ലാം താറുമാറായി. എം.വി.ഡി വെറുതെ ഇരുന്നില്ല. കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് പിഴയിട്ടു. കെഎസ്ഇബിയുടെ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിനു വേണ്ടി ഓടുന്ന വാഹനത്തിനാണ് പിഴ നൽകിയത്. ആർടിഒയുടെ അനുമതിയില്ലാതെ കെ.എസ്.ഇ.ബി എന്ന ബോർഡ് വെച്ചതിനാണ് 3250 രൂപ പിഴ നോട്ടീസ് അയച്ചത്.