മിനിക്കോയ് ഗവണ്മെന്റ് പോളി ടെക്നിക് കോളെജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു
|തിയറി ക്ലാസുകള്‍ മാത്രം നടന്നിരുന്ന കോളെജില്‍ ലാബ് , വര്‍ക് ഷോപ്പ് എന്നിവ ഒരുക്കാത്തതിലും ആവശ്യത്തിന് അധ്യാപകരെ നിയമിക്കാത്തതിലും തുടങ്ങിയ സമരം അനിശ്ചിത കാലത്തേക്ക് നീട്ടി
ലക്ഷദ്വീപ്: ലക്ഷദ്വീപിലെ മിനിക്കോയ് ഗവണ്മെന്റ് പോളി ടെക്നിക് കോളെജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു. തിയറി ക്ലാസുകള്‍ മാത്രം നടന്നിരുന്ന കോളെജില്‍ ലാബ് , വര്‍ക് ഷോപ്പ് എന്നിവ ഒരുക്കാത്തതിലും ആവശ്യത്തിന് അധ്യാപകരെ നിയമിക്കാത്തതിലും തുടങ്ങിയ സമരം അനിശ്ചിത കാലത്തേക്ക് നീട്ടി.
കഴിഞ്ഞ നവംബറില്‍ ആരംഭിച്ച മിനിക്കോയ് ഗവണ്മെന്റ് പോളി ടെക്നിക് കോളേജില്‍ ഇതു വരെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. കോളേജില്‍ സ്ഥിരം പ്രിന്‍സിപ്പലിനെ നിയമിക്കുക, ആവശ്യത്തിന് അധ്യാപകരെ നിയമിക്കുക, ലാബും ലൈബ്രറിയും വര്‍ക് ഷോപ്പും സജ്ജീകരിക്കുക , ഹോസ്റ്റല്‍ സൌകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നായിച്ചായിരുന്നു സമരം. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ആകെ യുണ്ടായിരുന്ന തിയറി ക്ലാസുകള്‍ കൂടി നിര്‍ത്തിവെച്ച അധികൃതരുടെ നടപടിക്കെതിരെയാണിപ്പോള് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
മിനിക്കോയി ഡെപ്യൂട്ടി കലക്ടർ ശ്രീകാന്ത് തപ്ദിയയുമായി വിദ്ധ്യാർത്ഥി പ്രതിനിധികള്‍ ചർച്ച നടത്തി. ആവശ്യങ്ങൾ എത്രയും പെട്ടന്ന് നിറവേറ്റും എന്ന് വിദ്യാഭ്യാസ ഡയറക്ടർ എഴുതി തന്നാൽ മാത്രമേ സമരം താത്കാലികമായി അവസാനിപ്പിക്കൂ എന്നാണ് സംയുക്ത സമര സമിതിയുടെ നിലപാട്. ട്രേഡുകളിലായി 70 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മിനികോയി പോളിടെക്നിക് കോളേജ് പ്രവര്‍ത്തനമാണ് അനിശ്ചിതത്വത്തിലായത്.