Kerala
പ്രതിഷേധക്കാര്‍ വിഴിഞ്ഞത്തുള്ളവരല്ലെന്ന് മന്ത്രി; മന്ത്രിക്ക് ബോധക്ഷയമാണെന്ന് ഫാദർ യൂജിൻ പെരേര
Kerala

പ്രതിഷേധക്കാര്‍ വിഴിഞ്ഞത്തുള്ളവരല്ലെന്ന് മന്ത്രി; മന്ത്രിക്ക് ബോധക്ഷയമാണെന്ന് ഫാദർ യൂജിൻ പെരേര

Web Desk
|
16 Aug 2022 11:28 AM GMT

തുറമുഖ നിർമാണം നിർത്തി വെച്ചിരിക്കുകയാണെന്ന് ബോധ്യപ്പെടുത്താൻ വൈദിക പ്രതിനിധികളെ പൊലീസ് തുറമുഖത്തേക്ക് കൊണ്ടുപോയി

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം. വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രധാന കവാടം പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രതിഷേധക്കാർ വിഴിഞ്ഞത്തുള്ളവരല്ലെന്ന മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രതികരണത്തിനെതിരെ രൂപത രംഗത്തുവന്നു. മന്ത്രിക്ക് ബോധക്ഷയമാണെന്ന് ഫാദർ യൂജിൻ പെരേര പറഞ്ഞു. ലത്തീൻ സഭ ഇന്ന് കരിദിനം ആചരിക്കുകയാണ്.

കടലും കരയും ഒരുപോലെ സ്തംഭിപ്പിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തേക്ക് നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. യുവാക്കളെയും യുവതികളെയും ഇറക്കിയാണ് പ്രതിഷേധത്തിന്റെ മൂർച്ച കൂട്ടിയത്.

സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ലത്തീൻസഭ രംഗത്തുവന്നു. പുറത്തുനിന്നുള്ളവരാണ് സമരത്തിൽ പങ്കെടുത്തതെന്ന് പറഞ്ഞ മന്ത്രിക്ക് ബോധക്ഷയമാണെന്ന് രൂപത വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു. സർക്കാർ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇതേ രീതിയിൽ സമരം വരും ദിവസങ്ങളിൽ തുടരുമെന്നും അവര്‍ അറിയിച്ചു.

തുറമുഖ നിർമാണം നിർത്തി വെച്ചിരിക്കുകയാണെന്ന് ബോധ്യപ്പെടുത്താൻ വൈദിക പ്രതിനിധികളെ പൊലീസ് തുറമുഖത്തേക്ക് കൊണ്ടുപോയി. നിർമാണം നിർത്തിവച്ചിരിക്കുകയാണെങ്കിലും സർക്കാർ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ പ്രതിഷേധക്കാർ തയ്യാറല്ല. പൊലീസ് സ്ഥാപിച്ച ബാരിക്കേട് മറിച്ചിടാൻ പ്രതിഷേധക്കാർ ശ്രമിച്ചു.

Similar Posts