Kerala
ak saseendran
Kerala

രക്ഷാപ്രവർത്തനത്തിൽ പ്രതീക്ഷിച്ച പുരോഗതിയില്ല: മന്ത്രി എ.കെ. ശശീന്ദ്രൻ

Web Desk
|
27 July 2024 12:17 PM GMT

‘ആരെയും കുറ്റപ്പെടുത്തുന്നില്ല’

ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ ശനിയാഴ്ച പ്രതീക്ഷിച്ച പുരോഗതിയില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. രാവിലെ മുതൽ നേരത്തേ തീരുമാനിച്ചത് അനുസരിച്ചുള്ള നേവിയുടെയും മറ്റു വിദഗ്ധരുടെയും നേതൃത്വത്തിൽ പുഴയുടെ ആഴങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഇതുവരെയും പ്രതീക്ഷിച്ച രീതിയിലുള്ള പുരോഗതി ഉണ്ടായിട്ടില്ല.

പക്ഷെ, ഒരു സംഭവം നടക്കുമ്പോൾ അതിന് വേണ്ടി പ്രവർത്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന പ്രവൃത്തി കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സാധ്യമായ എല്ലാ കാര്യങ്ങളും അവർ ചെയ്യുന്നുണ്ട്. അർജുനെ കണ്ടെത്താനാവാത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. പക്ഷെ, ആരെയും കുറ്റപ്പെടുത്തുകയോ പ്രതിക്കൂട്ടിലാക്കുകയോ ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അർജുന് വേണ്ടിയുള്ള തിരച്ചിൽ 12ാം ദിവസവും തുടരുകയാണ്. പുഴയിലിറങ്ങിയാണ് തിരച്ചിൽ. നാവിക സേനയും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരുമായ മാൽപെ സംഘവും ചേർന്നാണ് പരിശോധന നടത്തുന്നത്.

സംഘത്തലവൻ ഈശ്വർ മാൽപെ മൂന്ന് തവണ ആഴങ്ങളിൽ പരിശോധന നടത്തി. ലോറി തലകീഴായി നിൽക്കുന്ന രീതിയിൽ കണ്ടെന്നാണ് വിവരം. അതേസമയം, ക്യാബിനകത്തേക്ക് പോകാൻ സാധിച്ചിട്ടില്ല.

ഇതിനിടെ ഈശ്വർ മാൽപെയുടെ ശരീരത്തിൽ കെട്ടിയിരുന്ന വടം പൊട്ടിയിരുന്നു. ഒഴുക്കിൽപ്പെട്ട ഇയാളെ നാവിക സംഘമാണ് രക്ഷപ്പെടുത്തിയത്. മൂന്നാം തവണ മുങ്ങിയപ്പോഴാണ് ശരീരവുമായി ബന്ധിപ്പിച്ചിരുന്ന വടം പൊട്ടിയത്. 100 മീറ്ററോളം ദൂരം ഇദ്ദേഹം ഒഴുക്കിൽപ്പെട്ടു.

പുഴയിൽ ശക്തമായ അടിയൊഴുക്കാണ്. തിരച്ചിലനായി പ്രദേശത്തേക്ക് മുളകൾ എത്തിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് മാൽപെ സംഘം അങ്കോലയിലെത്തിയത്. ഉഡുപ്പിക്കടുത്ത് മാൽപെ എന്ന സ്ഥലത്തുനിന്നുള്ള മുങ്ങൽ വിഗ്ധരാണ് ഇവർ. മത്സ്യത്തൊഴിലാളികളായ ഇവർ ആയിരത്തിലധികം രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നാവിക സേനയുമായി സഹകരിച്ചാണ് ഇവർ അങ്കോലയിൽ പ്രവർത്തിക്കുന്നത്.

നാവിക സേനയുടെ കർണാടക മേഖലാ കമാൻഡിംഗ് ഓഫീസർ റിയർ അഡ്മിറൽ കെ.എം. രാമകൃഷ്ണൻ ഷി‌രൂരിലെ അപകടസ്ഥലത്തെത്ത് എത്തിയിട്ടുണ്ട്. ഇദ്ദേഹം ഉദ്യോഗസ്ഥരെയും കേരളത്തിൽ നിന്നുള്ള എം.എൽ.എമാരെയും കാണും.

Similar Posts