'ഗ്രേസ് മാർക്കില്ലാതെ ഫുള്‍ എ പ്ലസ്'; അപകടത്തിൽ മരിച്ച സാരംഗിന്‍റെ ഫലം പ്രഖ്യാപിച്ച് മന്ത്രി
|സങ്കടക്കടലിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത കാണിച്ച സാരംഗിന്‍റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: മരിച്ചിട്ടും ആറ് പേര്‍ക്ക് ജീവനേകിയ ആറ്റിങ്ങല്‍ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ബി.ആര്‍ സാരംഗിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ്. ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് ഈ നേട്ടം സ്വന്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വികാരഭരിതനായി. സങ്കടക്കടലിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത കാണിച്ച സാരംഗിന്‍റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു സാരംഗ്.
പഠനത്തില്‍ മിടുക്കനായിരുന്ന സാരംഗ് ഓട്ടോറിക്ഷ അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. മരണപ്പെട്ടതിന് പിന്നാലെ സാരംഗിന്‍റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങള്‍ ആറ് പേര്‍ക്കായി ദാനം നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറാവുകയായിരുന്നു. കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടിയാണ് ഹൃദയം നല്‍കിയത്. അവയവമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയ്ക്കാണ് സാരംഗിന്‍റെ മൃതദേഹം ബന്ധുക്കള്‍ സംസ്കരിച്ചത്.
കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്‍റെയും രജനിയുടെയും മകനായ സാരംഗ് കഴിഞ്ഞ 6 നു വൈകിട്ട് 3 ന് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ചാണ് അപകടത്തില്‍പ്പെടുന്നത്. ഏക സഹോദരന്‍ യശ്വന്ത്.