മുതലപ്പൊഴിയിൽ പ്രതിഷേധിച്ചത് കോൺഗ്രസുകാരെന്ന് മന്ത്രി ആന്റണി രാജു
|ഇന്നലെ പ്രതിഷേധിച്ച നാലഞ്ചുപേർ മരിച്ചവരുടെ ബന്ധുക്കളോ നാട്ടുകാരോ പോലുമല്ല മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസം മന്ത്രിമാർ എത്തിയപ്പോൾ പ്രതിഷേധിച്ചത് കോൺഗ്രസുകാരെന്ന് മന്ത്രി ആന്റണി രാജു. പ്രതിഷേധിച്ചവർ നാട്ടുകാരോ ബന്ധുക്കളോ അല്ലെന്നും പ്രാദേശിക നേതാക്കൾ ആണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാർ ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ കോൺഗ്രസ് പ്രവർത്തകരും മത്സ്യതൊഴിലാളികളും സംഘർഷം ഉണ്ടാവുമായിരുന്നു. യൂജിൻ പെരേരയ്ക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും പോലീസുകാർ അവരുടെ ജോലി ചെയ്യട്ടെ എന്നും മന്ത്രി പറഞ്ഞു.
രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലോ അഞ്ചോ പേർ പ്രതിഷേധ സ്വരത്തിൽ സംസാരിച്ചത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവർ ആ പ്രദേശത്തുളളവരോ മരിച്ചു പോയവരുടെ ബന്ധുക്കളോ അല്ലെന്ന് അറിഞ്ഞത്. മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, കോൺഗ്രസ് സ്ഥാനാർത്ഥി ആയി മത്സരിച്ചു പരാജയപ്പെട്ട മറ്റൊരു സ്ത്രീ, തിരുവനന്തപുരം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന കിരൺ ഡേവിഡ് എന്നിവരാണ് അവിടെ പ്രതിഷേധിച്ചത് മന്ത്രി പറഞ്ഞു.
ഇന്നലെ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു മുതാലപ്പൊഴിയിൽ എത്തിയിരുന്നു. തുടർന്നാണ് ചിലർ പ്രതിഷേധവുമായി രംഗത്തുവന്നത്. ഹാർബർ നിർമാണം അശാസ്ത്രീയം എന്നാരോപിച്ചായിരുന്നു മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. ഇതും പ്രതിഷേധക്കാര് ഉന്നയിച്ചു. പ്രതിഷേധത്തെ തുടർന്ന് മന്ത്രിമാർ സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു.