'വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോൺഗ്രസ് കരുതേണ്ട, ആ പരിപ്പ് ഇവിടെ വേവില്ല'; മന്ത്രി ആന്റണി രാജു
|'വിഴിഞ്ഞം തുറമുഖ സമരത്തിൽ പ്രതിപക്ഷത്തിന് ദുരുദ്ദേശം'
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ പിന്തുണക്കുന്ന പ്രതിപക്ഷത്തിന്റെ ദുരുദ്ദേശ്യം ജനങ്ങൾക്ക് മനസ്സിലാകുമെന്ന് മന്ത്രി ആന്റണി രാജു. 'വിമോചന സമരം നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നതെങ്കിൽ ആ പരിപ്പ് ഇവിടെ വേവില്ല'.വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോൺഗ്രസ് കരുതണ്ടയെന്നും മന്ത്രി പറഞ്ഞു.
'വിഴിഞ്ഞം തുറമുഖ സമരം അവസാനിപ്പിക്കണം. സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ അനുഭവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണ്.മുഖ്യമന്ത്രി ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞതാണ്. മുഖ്യമന്ത്രി ചർച്ച നടത്തിയ കാര്യങ്ങൾ പ്രതിപക്ഷ നേതാവിന് അറിയില്ല'. അന്ന് നടത്തിയ ചർച്ചയിൽ സമരസമിതി നേതാക്കൾ സംതൃപ്തരായിട്ടാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
'തുടർഭരണത്തെ അട്ടിമറിക്കാൻ കോൺഗ്രസ് ബോധപൂർവ്വം ശ്രമിക്കുകയാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിൽ സഹോദരൻ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. തന്റെ പേര് പറഞ്ഞ് ബോധപൂർവ്വം വിവാദത്തിൽ ഉൾപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
'വിവാദ പരാമർശത്തിൽ ഫാദർ തിയഡോഷ്യസ് ഡിക്രൂസ് ക്ഷമ പറഞ്ഞത് അത്രയും നല്ലത്. പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല ഇത്തരം പരാമർശങ്ങൾ. സമരസമിതിയുമായി ചർച്ചയ്ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്. മണിക്കൂറുകൾ ചർച്ചയ്ക്ക് വേണ്ടി മന്ത്രിമാർ കാത്തിരുന്നിട്ടുണ്ട്'. എന്നിട്ടും ചർച്ചയ്ക്ക് വരാത്തത് ആരാണെന്നും മന്ത്രി ചോദിച്ചു.