'തൊണ്ടിമുതൽ കേസ് റദ്ദാക്കണം'; മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു
|നെടുമങ്ങാട് കോടതിയിൽ തനിക്കെതിരെയുള്ള കേസിന്റെ നടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യം
കൊച്ചി: തൊണ്ടിമുതൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. നെടുമങ്ങാട് കോടതിയിൽ തനിക്കെതിരെയുള്ള കേസിന്റെ നടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യം. കേസിൽ അന്വേഷണം നടത്താനോ കുറ്റപത്രം സമർപ്പിക്കാനോ പൊലീസിന് അവകാശമില്ലെന്ന് ആന്റണി രാജു കോടതിയെ അറിയിച്ചു. തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണക്കോടതിയിൽ നിന്ന് ഹൈക്കോടതി റിപ്പോർട്ട് തേടിയതിനു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഹർജി. 2006 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ അനന്തമായി നീളുന്നത് ഗൗരവതരമാണെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹരജിയിൽ സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ലഹരിക്കടത്ത് കേസിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1994ലാണ് മന്ത്രിക്കെതിരെ കേസ് എടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് 28 വർഷം കഴിഞ്ഞു. 2014 മുതൽ 22 തവണയാണ് കേസ് പരിഗണിച്ച് മാറ്റിവെച്ചത്.
തൊണ്ടിമുതൽ ക്രമക്കേട് കേസിൽ അടിവസ്ത്രത്തിൽ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങൾ 1996ൽ തിരുവനന്തപുരം ഫൊറൻസിക് ലാബ് നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. അടിവസ്ത്രത്തിന്റെ അടിഭാഗത്തെ തുന്നലുകളും വസ്ത്രത്തിന്റെ മറ്റു ഭാഗങ്ങളിലെ തുന്നലുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ചെറുതായി വെട്ടിക്കളഞ്ഞ ഭാഗം മറ്റൊരു ഭാഗത്ത് തുന്നി കൂട്ടിച്ചേർത്തെന്നും റിപ്പോർട്ടിലുണ്ട്. നൂലിന്റെ നിറത്തിലും വ്യത്യാസമുണ്ട്. നിറത്തിൽ പ്രകടമായ വ്യത്യാസം പഴതും പുതിയതുമായ തുന്നലുകളെ സൂചിപ്പിക്കുന്നതാണ്. കേസിൽ വഴിത്തിരിവായ ഇന്റർപോൾ കത്തും പുറത്ത് വന്നിരുന്നു. ലഹരിക്കേസിലെ തൊണ്ടിമുതൽ കോടതിയിൽ നിന്ന് മാറ്റിയെന്ന് മൊഴിലഭിച്ചെന്നാണ് കത്തിൽ പറയുന്നത്.
1996ലാണ് ആസ്ത്രേലിയൻ പൊലീസ് ഇന്റർപോൾ മുഖേന കത്ത് അയച്ചത്. 2002ൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടത്തിയെന്നും ആരോപണമുണ്ടായിരുന്നു.