'നഷ്ടപരിഹാരം കല്ലെറിഞ്ഞവരിൽ നിന്ന് തന്നെ ഈടാക്കും, യാത്രക്കാരുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും '; മന്ത്രി
|'പൊലീസ് സംരക്ഷണം നൽകിയാൽ പരമാവധി സർവീസുകൾ നടത്തും'
തിരുവനന്തപുരം: പോപുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടാകുന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.പൊലീസ് സംരക്ഷണം നൽകിയാൽ പരമാവധി സർവീസുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യാത്രാ സൗകര്യം കെ.എസ്.ആർ.ടി.സി ഉറപ്പാക്കും.
അതേസമയം, ബസുകൾക്ക് നേരെ കല്ലെറിഞ്ഞവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകൾക്കുണ്ടായ നഷ്ടപരിഹാരം പ്രതികളിൽ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. രണ്ടു ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ബാലരമപുരം കല്ലമ്പലത്ത് ബൈക്കിലെത്തിയ സംഘം ബസിന് നേരെ കല്ലെറിഞ്ഞു. ഡ്രൈവർ സുനിൽ കുമാറിന് കണ്ണിനാണ് പരിക്കേറ്റത്.തിരുവനന്തപുരം: സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താൽ തുടങ്ങി.
രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.