സമരമൊന്നും ചെയ്യേണ്ട, കെ.എസ്.ആർ.ടി.സിയിലെ ഓട്ടകൾ അടയ്ക്കും- ഗണേഷ് കുമാർ
|അക്കൗണ്ടിങ് സംവിധാനമോ,എച്ച്.ആർ സംവിധാനമോ കെ.എസ്.ആർ.ടി.സിയിൽ ഇല്ലെന്ന് മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് അക്കൗണ്ടിങ് സംവിധാനമോ,എച്ച്.ആർ സംവിധാനമോ ഇല്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. സത്യപ്രതിജ്ഞക്ക് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചക്കുള്ളിൽ ഇവയെല്ലാം പരിശോധിച്ച് നടപടികളിലേക്ക് നീങ്ങും. ഓഫീസിലെ വൈദ്യൂതി ചാർജ്ജടക്കം കുറക്കുകയെന്നതാണ് ലക്ഷ്യം. ചോർച്ചകളുള്ള ഓട്ടകളുണ്ട്, അവ കണ്ടെത്തി അടയ്ക്കും. അനാവശ്യ പർച്ചേസുകൾ, ഇഷ്ടമുള്ളവർക്ക് സൗകര്യമുള്ള സർവീസുകൾ നൽകുന്ന പ്രവണതകളൊന്നും പ്രോത്സാഹിപ്പിക്കില്ല.
ഓപ്പറേഷൻ സംവിധാനം നടപ്പാക്കാൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കും. ജി.പി.എസ് സംവിധാനവും കംപ്യൂട്ടർ വൽക്കരണവും പൂർണമായും നടപ്പാക്കും.അഴിമതി പൂർണമായും തടയും
വെറുതെ ഒരു വണ്ടിയും ഓടിക്കില്ല.ഡീസലിന്റെ ഉപയോഗം കുറക്കും.ഇലക്ട്രിക് ബസുകളോ, കൂടുതൽ മൈലേജ് തരുന്ന വണ്ടികളോ കൊണ്ട് വരും.കുറച്ചു പ്രൊപോസലുകൾ കൈയ്യിലുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങി അവ നടപ്പാക്കും.
വരവ് കൂട്ടുകയും ചെലവ് കുറക്കുകയുമെന്നതാണ് ലക്ഷ്യം. ചെലവിനെ കുറിച്ച് ആർക്കും നിലവിൽ ധാരണയില്ലെന്നും മന്ത്രി പറഞ്ഞു. ലാഭത്തിലാക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും മെച്ചപ്പെട്ട സർവീസായി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.അതുവഴി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പറ്റും.ചെലവുകളിൽ എവിടയൊക്കെ നിയന്ത്രിക്കാൻ പറ്റുമോ അവിടെയെല്ലാം നിയന്ത്രിക്കും. ജീവനക്കാർ അധ്വാനിച്ചുകൊണ്ട് വരുന്ന പൈസ അനാവശ്യമായി ചെലവഴിക്കില്ല. സർക്കാറിന്റെ സഹായം കുറച്ച് നാൾ കൂടി തുടരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ആരും സമരമൊന്നും ചെയ്യേണ്ട, തൊഴിലാളികൾക്കോ,യൂണിയനുകൾക്കോ താൻ എതിരല്ല. ആർക്കും എന്നോട് എന്തും തുറന്ന് പറയാമെന്നും അത് കേൾക്കുമെന്നും മന്ത്രി പറഞ്ഞു.