ഡ്രൈവിങ് സ്‌കൂൾ സമരം തുടരുന്നു; സമരം ഗതാഗത മന്ത്രിയുടെ വീടിന് മുന്നിലാക്കാന്‍ മടിയില്ലെന്ന് സിഐടിയു
|സമരം മൂന്ന് ദിവസം പിന്നിട്ടു
തിരുവനന്തപുരം: ഡ്രൈവിങ് സ്കൂള്‍ സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് ഗതാഗത മന്ത്രി ഗണേഷ്കുമാറിന്റെ വീടിന് മുന്നിലേക്ക് മാറ്റാന്‍ മടിയില്ലെന്ന് സിഐടിയു. ഒരാഴ്ച വരെ നോക്കും എന്നിട്ടും മന്ത്രി അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ സമരരീതി മാറ്റാനാണ് ആലോചന. സിഐടിയു സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം മൂന്ന് ദിവസം പിന്നിട്ടു.
ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സമയത്ത് ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ വേണമെന്ന നിബന്ധനക്കെതിരെയാണ് ഓൾ കേരള ഡ്രൈവിങ് സ്കൂള്‍ വര്‍ക്കേഴ്സ് യൂനിയന്‍ സമരം തുടങ്ങിയത്. ടെസ്റ്റ് ബഹിഷ്ക്കരണ സമരം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച യോഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഹാജരാകണമെന്നതിനെ എതിര്‍ത്തതാണെന്ന് സംഘടന പറയുന്നു. എന്നിട്ടും സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ഇത് ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ പ്രത്യേക താത്പര്യമെന്നാണ് സിഐടിയു ആരോപണം.
കാലോചിത മാറ്റങ്ങളെ സംഘടന എതിര്‍ക്കുന്നില്ല. എന്നാല്‍ കേന്ദ്രം കൊണ്ടുവന്ന മോട്ടോര്‍ വാഹന നിയമഭേദഗതികളെ അപ്പാടെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. സമരം തുടരുമ്പോഴും ചര്‍ച്ചക്കുള്ള വാതില്‍ മന്ത്രി ഗണേഷ്കുമാര്‍ തുറന്നിട്ടില്ല. അനാവശ്യസമരമെന്നാണ് മന്ത്രിയുടെ മറുപടി. തുടര്‍ച്ചയായ സമരങ്ങള്‍ കാരണം രണ്ടരലക്ഷത്തോളം അപേക്ഷകരാണ് ലൈസന്‍സ് എടുക്കാനാവാതെ ബുദ്ധിമുട്ടിലായത്.