ഡ്രൈവിങ് ടെസ്റ്റ്: സി.ഐ.ടി.യു പ്രഖ്യാപിച്ച സമരം തള്ളി മന്ത്രി ഗണേഷ് കുമാര്‍
|ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ വരണമെന്ന് നിർദേശം
തിരുവനന്തപുരം: സി.ഐ.ടി.യു പ്രഖ്യാപിച്ച ഡ്രൈവിങ് സ്കൂൾ അനിശ്ചിതകാല സമരത്തെ തള്ളി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍ ടെസ്റ്റ് സമയത്ത് ഗ്രൗണ്ടിൽ വരണമെന്നത് കേന്ദ്ര നിയമമാണെന്ന് മന്ത്രി പറഞ്ഞു. ജൂൺ 10 മുതലാണ് ആള്‍ കേരള ഡ്രൈവിങ് സ്കൂള്‍ വര്‍ക്കേഴ്സ് യൂനിയന്‍ സമരം തുടങ്ങുന്നത്.
ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ച തൃപ്തികരമല്ലെന്ന് സി.ഐ.ടി.യു ആദ്യമേ അറിയിച്ചതാണ്. എന്നിട്ടും ജനഹിതം മലസ്സിലാക്കിയാണ് അന്ന് തുടര്‍സമരത്തിലേക്ക് നീങ്ങാതിരുന്നത്.
അതിനിടയില്‍ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങിയപ്പോള്‍ ഡ്രൈവിങ് സ്കൂളുകാര്‍ക്ക് പിന്നെയും മന്ത്രിവക പണികിട്ടി. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സമയത്ത് ഡ്രൈവിങ് സ്കൂളുകാര്‍ നിര്‍ത്തേണ്ട ഇന്‍സ്ട്രക്ടര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഉണ്ടായിരിക്കണമെന്ന നിയമം കര്‍ശനമാക്കി.
മുഴുവൻസമയ ഇന്‍സ്ട്രക്ടര്‍മാരായിട്ടല്ല ഡ്രൈവിങ് സ്കൂളുകാര്‍ ഇവരെ നിയമിച്ചിട്ടുള്ളത്. അതിനാല്‍ ടെസ്റ്റ് നടക്കുന്ന എല്ലാ ദിവസവും ഇവര്‍ ഗ്രൗണ്ടില്‍ വേണമെന്നത് അപ്രായോഗികമെന്നാണ് സി.ഐ.ടി.യു വാദിക്കുന്നത്. എന്നാൽ, തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
10 തീയതി മുതല്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് ആള്‍ കേരള ഡ്രൈവിങ് സ്കൂള്‍ വര്‍ക്കേഴ്സ് യൂനിയന്‍ അനിശ്ചിതകാല സമരം തുടങ്ങുന്നത്. ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങളുടെ കാലപ്പഴക്കം 22 വര്‍ഷമാക്കണമെന്നും സ്ലോട്ടുകളുടെ എണ്ണം ഒരു എം.വി.ഐക്ക് 60 ആക്കണമെന്നും സി.ഐ.ടി.യു ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിനിടെ ഇന്ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതിനാല്‍ മാറ്റിവച്ചു.