കുടുംബശ്രീ പദ്ധതിയായ കെ-ലിഫ്റ്റിന് തുടക്കം
|കേരളത്തിന്റെ സാമൂഹ്യ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കുന്നതാകും കെ-ലിഫ്റ്റ് എന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി രാജേഷ് പറഞ്ഞു
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം കുടുംബശ്രീ പദ്ധതിയായ കെ-ലിഫ്റ്റ് ഉദ്ഘാടനം ചെയ്ത് സർക്കാർ. തിരികെ സ്കൂളിൽ എന്ന പദ്ധതിയുടെ സമാപന സമ്മേളനത്തിൽ ആയിരുന്നു കെ-ലിഫ്റ്റിന് തുടക്കമായത്. കേരളത്തിന്റെ സാമൂഹ്യ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കുന്നതാകും കെ-ലിഫ്റ്റ് എന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
മൂന്ന് ലക്ഷം പേര്‍ക്ക് സുസ്ഥിര വരുമാനമൊരുക്കുക എന്നതാണ് കുടുംബശ്രീ ലൈവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്സ്ഫോര്മേഷന് എന്ന 'കെ-ലിഫ്റ്റ് പദ്ധതിയുടെ തുടക്കം. വൻ വിജയമായ തിരികെ സ്കൂളിൽ പദ്ധതിയുടെ ചുവടുപിടിച്ച് നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് പുതിയ ഉദ്യമം. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിന്ന് വരുമാന വര്‍ധനവിലേക്ക് എന്ന ആശയം പദ്ധതി മുന്നോട്ടുവയ്ക്കുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിക്ക് തൊട്ടടുത്ത ദിവസം തുടക്കമിടാന്‍ കഴിയുന്ന ഒരേയൊരു പ്രസ്ഥാനവും കുടുംബശ്രീ മാത്രമാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി പറഞ്ഞു.
'തിരികെ സ്കൂളില്‍' ക്യാമ്പയിൻ സമാപിക്കുന്നതിന് ഭാഗമായി തയ്യാറാക്കിയ സുവനീര്‍ പ്രകാശനം മന്ത്രി നിർവഹിച്ചു. കുടുംബശ്രീക്ക് ലഭിച്ച ഏഷ്യ ബുക്ക്ഓഫ് റെക്കോര്‍ഡ്സ്, ഇന്‍ഡ്യ ബുക്ക് ഓഫ്റെക്കോഡ്സ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് കൈമാറലും ചടങ്ങിൽ നടന്നു.