'കൊടുക്കാത്ത മൈദ എങ്ങനെ പൂത്തു?'-പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത് ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി രാജൻ
|കൊടുക്കാത്ത ബ്രഡ് പൂത്തുവെന്ന് ചിലർ പറഞ്ഞ സ്ഥലമാണ് ചൂരൽമലയെന്ന് മന്ത്രി രാജന്‍
തൃശൂർ: മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി നൽകിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ. രാജൻ. ഭക്ഷ്യക്കിറ്റിൽ പുഴു കണ്ടെത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. വിഷയം ഗൗരവമായി പരിശോധിക്കണം. ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പുമാണ് അവ വിതരണം ചെയ്തതെന്ന പരമാർശം നിരുത്തരവാദപരമാണെന്നും മന്ത്രി പറഞ്ഞു.
മാതൃകാപരമായ ദുരന്തപ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്. എന്നൊക്കെയാണ് ജില്ലാ ഭരണകൂടവും റവന്യു വകുപ്പും കിറ്റുകൾ വിതരണം ചെയ്തതെന്ന് കണക്കും വിവരങ്ങളുമുണ്ട്. അത് ഏറ്റുവാങ്ങിയ ഇൻവോയ്‌സ് പഞ്ചായത്തിന്റെ കൈയിലുമുണ്ടാകും. അതുവച്ച് പരിശോധിക്കാമെന്നും മന്ത്രി രാജൻ പറഞ്ഞു.
കൊടുക്കാത്ത ബ്രഡ് പൂത്തുവെന്ന് ചിലർ പറഞ്ഞ സ്ഥലമാണ് ചൂരൽമലയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ മുപ്പതിനോ ഒന്നിനോ കൊടുക്കാത്ത മൈദ എങ്ങനെയാണ് പൂക്കുക. റവന്യൂ വകുപ്പ് റവയോ മൈദയോ കൊടുത്തിട്ടില്ല. അരി മാത്രമാണ് 30ന് ഒന്നിനും നൽകിയിട്ടുള്ളത്. കൊടുക്കാത്ത മൈദ പൂത്തു എന്നുള്ളതാണ് ഇപ്പോൾ പറയുന്ന കാര്യം. സെപ്റ്റംബർ ഒൻപതിനാണ് ജില്ലാ ഭരണകൂടത്തിൽനിന്ന് മൈദയും റവയും കൊടുത്തത്. 486 കുടുംബങ്ങൾക്കുള്ള 18 സാധനങ്ങളാണ് വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.
''ഒക്ടോബർ 30നും നവംബർ ഒന്നിനുമാണ് അവസാനമായി കിറ്റ് വിതരണം ചെയ്തത്. 51,430 കിലോ അരിയാണ് വിതരണം ചെയ്തത്. പാക്കറ്റിലല്ല, ചാക്കിലാക്കിയായിരുന്നു അരിയുണ്ടായിരുന്നത്. ഒരു കുടുംബത്തിന് ഏകദേശം 52 കിലോ നൽകാൻ കഴിയുന്ന വിധമാണ് അരിയുടെ വിതരണം. ഇപ്പോൾ കണ്ടത് ചെറിയ പാക്കറ്റിലുള്ള അരിയാണ്. 30നും, ഒന്നിനും 26 കിലോ വീതമുള്ള ചാക്കിലാണ് അരി നൽകിയത്. മേപ്പാടി പഞ്ചായത്ത് നൽകിയത് 835 ചാക്ക് അരിയാണ്. ചാക്കിൽനിന്ന് പാക്കറ്റിലേക്ക് ആക്കിയതാണെങ്കിൽ അതു ചെയ്തവർ കാണുമല്ലോ.''
സെപ്റ്റംബർ ഒൻപതിനു നൽകിയതാണ് ഇപ്പോൾ വിതരണം ചെയ്തതെങ്കിൽ അത് ഗുരുതരമായ കുറ്റമാണ്. രണ്ടുമാസം ഇഎംഎസ് ഓഡിറ്റോറിയത്തിൽ കെട്ടിയിരുന്ന സാധനമാണ് കൊടുത്തതെങ്കിൽ അങ്ങനെ വിതരണം ചെയ്യാൻ പാടുണ്ടോ? എന്തുകൊണ്ട് രണ്ടുമാസക്കാലം എടുത്തുവച്ചു? കൊടുത്തതിൽ ഇനിയും എന്തെങ്കിലും കൊടുക്കാനുണ്ടോ? തുണിത്തരങ്ങൾ ഉൾപ്പെടെ ഇപ്പോഴും കെട്ടിക്കിടക്കുകയാണെന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം കാര്യങ്ങൾ എന്ത് ലാഭത്തിന്റെ പേരിലായാലും ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
മേപ്പാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്. താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി കുന്നംപറ്റയിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ദുരിതബാധിതർക്കാണ് ദുരനുഭവമുണ്ടായത്. പുഴുവരിക്കുന്നതും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളും ഉപയോഗശൂന്യമായ വസ്ത്രങ്ങളുമാണ് പഞ്ചായത്തിൽനിന്ന് ലഭിച്ചതെന്നും പരാതി ഉയർന്നിട്ടുണ്ട്.
Summary: 'Distribution of worm-eaten food items should be seriously checked': Minister K Rajan reacts