'ഞാൻ സിനിമാ മന്ത്രിയല്ലല്ലോ..' രഞ്ജിത്തിനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ ഗണേഷ് കുമാർ
|'സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള പ്രതികരണം മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. അതിനപ്പുറം ഞാനൊന്നും പറയില്ല'
തിരുവനന്തപുരം: സംവിധായകൻ രജ്ഞിത്തിനെതിരായ നടിയുടെ ആരോപണത്തിൽ പ്രതികരിക്കാതെ മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇപ്പോൾ താൻ സിനിമാ മന്ത്രിയല്ലെന്നും സിനിമയുടെ ഭാഗമല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും അതിനപ്പുറം ഞാനൊന്നും പറയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
ബംഗാളി നടിയുടെ ആരോപണത്തില്‍ രജ്ഞിത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രജ്ഞിത്ത് മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തിന് ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ലെന്നും ചെയർമാൻ സ്ഥാനം രാജിവച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി ഇറങ്ങുമെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചത്.
രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സ്ത്രീപക്ഷ പ്രവർത്തകരും ആവശ്യപ്പെട്ടു. സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നുമാണ് സ്ത്രീപക്ഷ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയത്. രാജി ആവശ്യപ്പെട്ട് രഞ്ജിത്തിന്‍റെ താമസസ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിരുന്നു.