Kerala
Minister KN Balagopal on ADGP MR Ajit Kumar - RSS meeting, PV Anvar allegations
Kerala

'ഒരു ഉദ്യോഗസ്ഥന്‍ ആർഎസ്എസ് നേതാവിനെ കണ്ടതിനെക്കാൾ പ്രധാനം കോൺഗ്രസ് എംപി ബിജെപിയിൽ ചേരുന്നത്'; നിലപാട് ആവർത്തിച്ച് മന്ത്രി ബാലഗോപാൽ

Web Desk
|
9 Sep 2024 3:20 PM GMT

ഒരാൾ വ്യക്തിപരമായോ തൊഴിലിന്റെ ഭാഗമായോ ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ചയ്ക്കു പോകുന്നത് തെറ്റാണെന്ന് എങ്ങനെ പറയുമെന്നു മന്ത്രി ബാലഗോപാൽ ചോദിച്ചു

ന്യൂഡൽഹി: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ നിലപാട് ആവർത്തിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഉദ്യോഗസ്ഥർ ആളുകളെ കാണുന്നതല്ല പ്രശ്‌നമെന്ന് ബാലഗോപാൽ പറഞ്ഞു. പിണറായിക്ക് വേണ്ടി കണ്ടെന്നു പറയുന്നത് പ്രതിപക്ഷ നേതാവിന്റെ മാത്രം ആരോപണമാണെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു.

ഒരു ഉദ്യോഗസ്ഥൻ ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടതിനെക്കാൾ പ്രധാനമാണ് കോൺഗ്രസ് എംപി ബിജെപിയിൽ ചേരുമെന്ന വാർത്ത. ഒരു കാര്യത്തിലും ബിജെപിയോടും ആർഎസ്എസിനോടും സിപിഎം വിട്ടുവീഴ്ച ചെയ്യില്ല. ഒരാൾ വ്യക്തിപരമായോ തൊഴിലിന്റെ ഭാഗമായോ കൂടിക്കാഴ്ചയ്ക്കു പോകുന്നത് തെറ്റാണെന്ന് എങ്ങനെ പറയും? നേതാക്കൾ ഒരു യോഗത്തിന് പോകുമ്പോൾ ബിജെപി നേതാക്കളുമായും ചർച്ച നടത്തുന്ന പോലെയാണിതെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.

അതേസമയം, സ്പീക്കർ എ.എൻ ഷംസീറിന്റെ ന്യായീകരണത്തിലും അദ്ദേഹം പ്രതികരിച്ചു. സ്പീക്കർ പറഞ്ഞത് ഞാൻ കേട്ടില്ല. ആർഎസ്എസ് വർഗീയത വളർത്തുന്ന സംഘടനയാണെന്നും ബാലഗോപാൽ പറഞ്ഞു.

മഹാത്മാ ഗാന്ധി വധത്തിൽ സർദാർ പട്ടേൽ നിരോധിച്ച സംഘടനയാണ് ആർഎസ്എസ് എന്നായിരുന്നു മന്ത്രി എം.ബി രാജേഷ് നേരത്തെ പ്രതികരിച്ചത്. ഈ നിലപാട് തന്നെയാണ് ഇപ്പോഴും സിപിഎമ്മിനുള്ളത്. ആർഎസ്എസ്സിനെ കുറിച്ച് ഞങ്ങൾക്കു കൃത്യമായ കാഴ്ചപ്പാടുണ്ട്. മഹാത്മാ ഗാന്ധിയുടെ വധത്തിൽ അന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭ്ഭായ് പട്ടേൽ നിരോധിച്ച സംഘടനയാണത്. 1948 ഫെബ്രുവരി പട്ടേൽ പുറപ്പെടുവിച്ച ഉത്തരവ് വായിച്ചാൽ അക്കാര്യം വ്യക്തമാകുമെന്നും രാജേഷ് പറഞ്ഞു.

നേരത്തെ, എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്ന് എ.എൻ ഷംസീർ പ്രതികരിച്ചിരുന്നു. ആർഎസ്എസ് നിരോധനമുള്ള സംഘടനയല്ലെന്നു പറഞ്ഞായിരുന്നു സ്പീക്കർ ന്യായീകരിച്ചത്. ആർഎസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഘടനയാണ്. ഒരു ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിനെ തെറ്റുപറയാനാവില്ല. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോൺ ചോർത്തിയെന്ന പി.വി അൻവറിന്റെ ആരോപണത്തിൽ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീർ പറഞ്ഞിരുന്നു.

Summary: 'Congress MP joining BJP more important thing than ADGP meeting RSS leader'; Says Minister KN Balagopal

Similar Posts