"കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ല"; ബിഷപ്പിനെതിരെ എംബി രാജേഷ്
|കേന്ദ്ര സർക്കാർ റബ്ബറിന് മുന്നൂറ് രൂപ തറവില പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കുമെനന്നായിരുന്നു തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ പ്രസ്താവന
തുരുവനന്തപുരം: ആർഎസ്‌എസും ബിജെപിയും ന്യൂനപക്ഷ സംരക്ഷകരായി വരികയാണെന്ന് മന്ത്രി എംബി രാജേഷ്. കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്നും മന്ത്രി പരിഹസിച്ചു. ആർ എസ് എസിന്റെ വിചാരധാരയിൽ മുസ്ലീങ്ങളും, ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളുമാണ് ശത്രുക്കളെന്നും എം ബി രാജേഷ് പറഞ്ഞു.
റബർ വില വർധിപ്പിച്ചാൽ ബിജെപിയെ സഹായിക്കാമെന്ന ബിഷപ് പാംബ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ റബ്ബറിന് മുന്നൂറ് രൂപ തറവില പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കുമെനന്നായിരുന്നു തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ പ്രസ്താവന.
കേരളത്തിൽ നിന്ന് ഒരു എം പി പോലുമില്ലന്ന ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും ബിഷപ്പ് പറഞ്ഞിരുന്നു. പിന്നാലെ ബിഷപ്പിനെ പിന്തുണച്ച് കത്തോലിക്കാ കോൺഗ്രസും രംഗത്തെത്തി. ഇന്നലെ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ കമ്മറ്റി ആലക്കോട് സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു ആർച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ വിവാദ പ്രസംഗം.കേരളത്തിലെ ഇടത് വലത് മുന്നണികൾ കർഷക താത്പര്യം സംരക്ഷിക്കുന്നില്ലന്ന ന്യായം പറഞ്ഞായിരുന്നു ബി ജെപിയെ സഹായിക്കാൻ മടിക്കില്ലന്ന ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം.