കത്ത് വിവാദം: സമരം ഒത്തുതീർന്നു, ഡി. ആർ അനിൽ സ്ഥാനം ഒഴിയും
|പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നും ഡി.ആർ അനിൽ ഒഴിയും
തിരുവനന്തപുരം: കോർപറേഷൻ നിയമന കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സമരം അവസാനിപ്പിക്കാൻ തീരുമാനം. മന്ത്രി എം.ബി രാജേഷുമായി പ്രതിപക്ഷ കക്ഷി നേതാക്കളുടെ ചർച്ചയിലാണ് തീരുമാനം. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നും ഡി.ആർ അനിൽ ഒഴിയും. ഇതോടെ കത്ത് വിവാദത്തിൽ നഗരസഭാ കവാടത്തിൽ നടത്തിവരുന്ന സമരം നിർത്തും. മന്ത്രി ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുത്തു.
പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച കാര്യങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സമരക്കാർ അറിയിച്ചു. മുൻപ് പ്രഖ്യാപിച്ച തുടർ സമരങ്ങൾ നിർത്തിവെക്കുന്ന കാര്യം പാർട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. മേയറുടെ രാജി സംബന്ധിച്ച കാര്യം ഹൈക്കോടതിപരിതിയിലുള്ളതുകൊണ്ടും പിഡബ്ല്യുഡി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനെ സ്ഥാനത്ത് നിന്ന് മാറ്റിയത് കൊണ്ടും സമരത്തിൽ നിന്ന് പിൻമാറുന്നു എന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.