Kerala
ഇങ്ങനെ പോയാൽ മതിയെന്ന് വിചാരിച്ചാൽ വെച്ച് പൊറുപ്പിക്കില്ല: റസ്റ്റ് ഹൗസിൽ മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ പരിശോധന
Kerala

'ഇങ്ങനെ പോയാൽ മതിയെന്ന് വിചാരിച്ചാൽ വെച്ച് പൊറുപ്പിക്കില്ല': റസ്റ്റ് ഹൗസിൽ മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ പരിശോധന

Web Desk
|
31 Oct 2021 7:06 AM GMT

നാളെ മുതൽ റസ്‌റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ മിന്നല്‍ പരിശോധന

തിരുവനന്തപുരം റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ മിന്നൽ പരിശോധന. തിരുവനന്തപുരത്തെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൌസുകളില്‍ തീരെ ശുചിത്വമില്ലെന്ന് കണ്ടെത്തിയ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. 'ഇങ്ങനെ പോയാൽ മതിയെന്ന് വിചാരിച്ചാൽ വെച്ച് പൊറുപ്പിക്കില്ല. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും'. മാനേജർ വിപിനെ സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

നാളെ മുതൽ റസ്‌റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ മിന്നല്‍ പരിശോധന. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍ വരും. ഇതിന് മുന്നോടിയായി ആയിരുന്നു മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധന.

പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മുറി വേണമെങ്കില്‍ ഇനി സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കുക. റസ്റ്റ് ഹൗസ് കൂടുതല്‍ ജനസൗഹൃദമാക്കി പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും റിയാസ് പറഞ്ഞു. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ താമസ സൗകര്യം സ്വന്തമായി ഉള്ളത്.

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിട്ടുള്ള 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെ.റ്റി.ഡി.സി മാനേജിംഗ് ‍ഡയറക്ടറെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുമുണ്ട്.റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകള്‍ ആരംഭിക്കുവാനും മന്ത്രിസഭാ തലത്തില്‍ തീരുമാനമിച്ചിട്ടുണ്ട്.

എല്ലായിടത്തും ശുചിത്വം ഉറപ്പു വരുത്തുമെന്നും, ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ്‍ലറ്ര് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ റസ്റ്റ ഹൌസിലും സി.സി ടിവി സംവിധാനം ഏര്‍പ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞു.


Similar Posts