Kerala
Minister Muhammad Riyas shares the True Kerala Story amid protests over the move to screen The Kerala Story on Doordarshan, which spreads hatred about Kerala
Kerala

'ഉരിയരി അധികം ഇട്ടിട്ടുണ്ടെങ്കിൽ അത് ദാമോദരേട്ടനും ഓമനേച്ചിക്കും കൊടുത്തിട്ടേ ഇന്നുവരെ കഴിഞ്ഞിട്ടുള്ളൂ'- 'റിയല്‍ കേരള സ്‌റ്റോറി' പങ്കുവച്ച് മന്ത്രി റിയാസ്

Web Desk
|
5 April 2024 5:53 PM GMT

''എന്റെ തൊട്ടടുത്തുള്ള അയൽവാസി ഒരു അന്യമത സഹോദരനാണ്. ഞാൻ എന്റെ വീട് പൂട്ടിപ്പോകുമ്പോൾ ഇന്നുവരെ താക്കോൽ കൊടുത്തത് ആ വീട്ടിലാണ്. അതാണ് കേരളത്തിന്റെ മതേതര പാരമ്പര്യം.''

കോഴിക്കോട്: കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന 'ദി കേരള സ്റ്റോറി' സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം പുകയുന്നതിനിടെ 'യഥാർഥ കേരള സ്റ്റോറി' പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്റെ മതേതര പാരമ്പര്യവും പരസ്പര വിശ്വാസവും വിവരിക്കുന്ന ഒരു മതപണ്ഡിതന്റെ പ്രസംഗമാണ് റിയാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കോഴിക്കോട് പാലോളിയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച മതേതര സംരക്ഷണ സമ്മേളനത്തിൽ മന്ത്രിയെ സാക്ഷിനിർത്തി കാന്തപുരം സമസ്ത നേതാവ് അബ്ദുൽ മജീദ് സഖാഫി കോട്ടൂർ നടത്തിയ പ്രസംഗത്തിലാണ് കേരളത്തിലെ മതസൗഹാർദത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് വിവരിക്കുന്നത്.

അബ്ദുൽ മജീദ് സഖാഫിയുടെ പ്രസംഗത്തിൽനിന്ന്:

''ഈ നാട്ടിൽ ജനിച്ച നമ്മളെല്ലാം ഏകോദര സഹോദരങ്ങളെപ്പോലെയാണ്. എന്റെ തൊട്ടടുത്തുള്ള അയൽവാസി ഒരു അന്യമത സഹോദരനാണ്. ഞാൻ എന്റെ വീട് പൂട്ടിപ്പോകുമ്പോൾ ഇന്നുവരെ താക്കോൽ കൊടുത്തത് ആ വീട്ടിലാണ്. എന്റെ നേരെ മുന്നിലുള്ളതും ഇടതു ഭാഗത്തുള്ളതും മുസ്‌ലിമാണ്. അതാണ് കേരളത്തിന്റെ മതേതര പാരമ്പര്യമെന്നു മനസിലാക്കണം.

തൊട്ടടുത്തുള്ള വീട്ടിൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ പ്രവർത്തകനാണ്. നേരെ മുൻപിലുള്ളത് ജമാഅത്തെ ഇസ്‌ലാമിക്കാരനും ഇപ്പുറത്തുള്ളത് മുജാഹിദും അപ്പുറത്തുള്ളത് ഇ.കെക്കാരനും. അതിന്റെ നടുവിലാണ് ഞാനുള്ളത്. എന്നാലും ആ അയൽപക്ക ബന്ധം പാലിച്ചുകൊണ്ടാണ് ഇന്നുവരെ ഞാനെന്റെ വീട് പൂട്ടിപ്പോകാറുള്ളത്. എന്റെ വീട്ടിൽ ഒരു നാഴി അരി ഇടുമ്പോൾ ഒരു ഉരിയരി കൂടി അധികം ഇടാമെന്ന് നമ്മൾ പറയാറില്ലേ.. അങ്ങനെ ഉരിയരി അധികം ഇട്ടിട്ടുണ്ടെങ്കിൽ അത് ദാമോദരേട്ടനും ഓമനേച്ചിക്കും കൊടുത്തിട്ടേ ഇന്നുവരെ കഴിഞ്ഞിട്ടുള്ളൂ. അവിടെ എന്തെങ്കിലും ഒന്ന് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ വീട്ടിൽ തന്നിട്ടേ കഴിഞ്ഞിട്ടുള്ളൂ. ആ ഒരു വിശ്വാസവും പാരമ്പര്യവും നിലനിൽക്കുന്ന കാലത്തോളം നമ്മളെ ഒരു ചുക്കും ചെയ്യാൻ ഒരു കുട്ടിക്കും സാധിക്കില്ല.''

അതിനിടെ, ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പി സ്ഥാനാർഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസിയല്ല ദൂരദർശനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള പ്രദർശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് ദൂരദർശൻ പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

Summary: Minister Muhammad Riyas shares the 'True Kerala Story' amid protests over the move to screen 'The Kerala Story' on Doordarshan, which spreads hatred about Kerala

Similar Posts