''പൊന്തക്കാട്ടിൽ ബോർഡ് വെച്ചിട്ട് കാര്യമില്ല, എല്ലാവരും കാണണം''; തൃപ്പൂണിത്തുറ പാലം അപകടത്തിൽ മന്ത്രി റിയാസ്
|റോഡിൽ പണി നടക്കുമ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. അത് എല്ലാവർക്കും കാണാവുന്ന രീതിയിൽ വെക്കണം. ഏതെങ്കിലും പൊന്തക്കാടിനുള്ളിൽ ബോർഡ് വെച്ചിട്ട് കാര്യമില്ല.
തിരുവനന്തപുരം: തൃപ്പൂണിത്തുറ അപകടത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയെടുത്തതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ചീഫ് എൻജിനീയറോട് റിപ്പോർട്ട് തേടിയിരുന്നു. എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ എന്നിവർ ഉത്തരവാദിത്തത്തോടെ ജോലി ചെയ്തില്ല. അതുകൊണ്ടാണ് നാലുപേരെ സസ്പെൻഡ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
റോഡിൽ പണി നടക്കുമ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. അത് എല്ലാവർക്കും കാണാവുന്ന രീതിയിൽ വെക്കണം. ഏതെങ്കിലും പൊന്തക്കാടിനുള്ളിൽ ബോർഡ് വെച്ചിട്ട് കാര്യമില്ല. ബോർഡ് സ്ഥാപിച്ചു കഴിഞ്ഞാൽ അത് അവിടെയുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ദിവസങ്ങളിലും പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ പുലർച്ചെയാണ് തൃപ്പൂണിത്തുറയിൽ നിർമാണം പൂർത്തിയാകാത്ത പാലത്തിലുണ്ടായ അപകടത്തിൽ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു.