കൊച്ചിയിലെ മാലിന്യപ്രശ്നത്തിൽ കൊമ്പുകോർത്ത് തദ്ദേശ വകുപ്പ് മന്ത്രിയും തൃക്കാക്കര നഗരസഭയും
|തൃക്കാക്കര നഗരസഭ കൗൺസിലർമാർ നടത്തിയ സമരം നഗരസഭയുടെ കെടുകാര്യസ്ഥത മറച്ചുവെക്കാനാണെന്ന് മന്ത്രി എം.ബി രാജേഷ്
കൊച്ചി: കൊച്ചിയിലെ മാലിന്യപ്രശ്നത്തിൽ കൊമ്പുകോർത്ത് തദ്ദേശ വകുപ്പ് മന്ത്രിയും തൃക്കാക്കര നഗരസഭയും. തൃക്കാക്കര നഗരസഭ കൗൺസിലർമാർ നടത്തിയ സമരം നഗരസഭയുടെ കെടുകാര്യസ്ഥത മറച്ചുവെക്കാനാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മന്ത്രിയുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ പ്രതികരിച്ചു.
കൊച്ചി കോർപറേഷന്റെ മാലിന്യ ലോറികൾ തടഞ്ഞ് തൃക്കാക്കര നഗരസഭ കൗൺസിലർമാർ നടത്തിയ സമരത്തെ കടുത്ത ഭാഷയിലാണ് മന്ത്രി വിമർശിച്ചത്. മന്ത്രിമാർ പങ്കെടുത്ത യോഗങ്ങളിൽ ആവശ്യം ഉന്നയിക്കാതെയാണ് സമരം ചെയുന്നത്. ഒരു നഗരസഭയ്ക്ക് മാത്രമായി വിട്ടുവീഴ്ച്ച നൽകാനാകില്ല എന്നാണ് മന്ത്രിയുടെ നിലപാട്.ഈ ആവശ്യമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാം എന്ന് പറഞ്ഞിട്ടില്ല.
തദ്ദേശ വകുപ്പ് മന്ത്രിയുടെ പ്രതികരണം രാഷ്ട്രീയപ്രേരിതമെന്നാണ് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ പ്രതികരിച്ചത്. യോഗങ്ങളിലെ മന്ത്രിയുടെ സമീപനം മോശമായിരുന്നു എന്നും ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു. വൈകീട്ട് മൂന്നു മണിക്ക് തൃക്കാക്കര നഗരസഭ കൗൺസിലർമാർ മന്ത്രിയെ കാണുന്നുണ്ട്. കൂടികാഴ്ച്ചയിൽ അനുകൂല നിലപാട് ഉണ്ടായില്ലങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.