'കേരളം എന്ത് സഹായവും നൽകാൻ തയ്യാറാണ്'; കാർവാർ എംഎൽഎയുടെ ആരോപണത്തിന് മറുപടി നല്‍കി മന്ത്രി പി. പ്രസാദ്
|കേരളം ആദ്യമേ സന്നദ്ധത അറിയിച്ചിരുന്നുവെന്നും എന്ത് സഹായവും നൽകാൻ തയ്യാറാണെന്നും മന്ത്രി
അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി കേരളം ഡ്രഡ്ജിങ് മെഷിൻ തന്നില്ലെന്ന സതീഷ് സെയിൽ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി കൃഷിമന്ത്രി പി. പ്രസാദ്. കേരളം ആദ്യമേ സന്നദ്ധത അറിയിച്ചിരുന്നുവെന്നും എന്ത് സഹായവും നൽകാൻ കേരളം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കാർവാർ എം.എൽ.എ അങ്ങനെ പറയുന്നത് എന്തെന്ന് അറിയില്ല. ഡ്രഡ്ജിങ് മെഷീനുമായി ബന്ധപ്പെട്ട് ആളുകൾ അവിടെ ചെന്നിരുന്നു. പക്ഷെ പുഴയുടെ ആഴവും ഒഴുക്കുമാണ് തടസമായിരുന്നത്. തിരച്ചിലിനുള്ള സന്നദ്ധത നാം നേരത്തെ അറിയിച്ചതാണ് എന്നാല്‍ ആഴമുള്ള പ്രദേശത്ത് ഇത് പ്രവർത്തിപ്പിക്കാൻ പ്രയാസവും പ്രായോഗിക തടസവുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് ഉടൻ നടപടികൾ സ്വീകരിക്കുമെന്നും പ്രാധാന്യത്തോടെയാണ് ഇക്കാര്യം കാണുന്നതെന്നും ഒരു തരത്തിലും പിന്നോട്ടു പോവില്ലെന്നും മന്ത്രി വ്യക്തമാക്കി.
തിരച്ചിലിനായി കേരളത്തിൽ നിന്ന് ഡ്രഡ്ജിങ് മെഷീൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ടെക്‌നീഷ്യന് ആരോഗ്യപ്രശ്‌നമുണ്ടെന്നാണ് മറുപടി ലഭിച്ചതെന്നുമായിരുന്നു സതീഷ് സെയിൽ എംഎൽഎയുടെ ആരോപണം. പുഴയിൽ മണ്ണുമാറ്റി പരിശോധന നടത്തുമെന്നും ഡ്രഡ്ജിങ് മെഷീൻ ഗോവയിൽ നിന്ന് എത്തിക്കാൻ അവിടത്തെ സർക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും കർവാർ എംഎൽഎയായ അദ്ദേഹം പറഞ്ഞിരുന്നു.