കരുവന്നൂർ കേസിൽ ഇ.ഡി വാദം നിഷേധിച്ച് പി. രാജീവ്; നിയമവിരുദ്ധ കാര്യങ്ങളിൽ ഇടപെടാറില്ല
|ഒരു ജില്ലയിലെ പാർട്ടി നേതൃത്വം മറ്റ് ജില്ലകളിലെ കാര്യങ്ങളിൽ ഇടപെടില്ല.
കൊച്ചി: കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ അനുവദിക്കാൻ താൻ ഇടപെട്ടിരുന്നതായി മുൻ സെക്രട്ടറിയുടെ മൊഴിയുണ്ടെന്ന ഇ.ഡിയുടെ വാദം നിഷേധിച്ച് മന്ത്രി പി. രാജീവ്. ഒരിക്കലും നിയമവിരുദ്ധ കാര്യങ്ങളിൽ ഇടപെടാറില്ലെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
'എം.പിയായിരുന്നപ്പോഴും ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴും മന്ത്രിയായപ്പോഴും നിയമവിരുദ്ധമായ കാര്യങ്ങൾക്ക് സമ്മർദം ചെലുത്താറില്ല. ഇതിപ്പോൾ പുതിയ അറിവാണ്. കുറെ കാലമായിട്ട് ഓരോ എപ്പിസോഡും ഇറങ്ങുകയാണല്ലോ. എന്താണെന്ന് നോക്കാം'- മന്ത്രി പറഞ്ഞു.
സാധാരണ നമ്മളൊന്നും ഒരു ജില്ല വിട്ട് മറ്റൊരു ജില്ലയിലെ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. ഇടപെട്ടാൽതന്നെ ഇന്ന രീതിയിൽ ലോൺ കൊടുക്കണം എന്ന് പറയാറില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരും. നിയമവിരുദ്ധമായ ഒന്നിലും ഒരു ഘട്ടത്തിലും ഇടപെടാറില്ലെന്നും മന്ത്രി വിശദമാക്കി.
അതേസമയം, കെ ഫോൺ ഹരജിയിൽ കെൽട്രോണിനെ ഉൾപ്പെടുത്തിയത് അപകീർത്തിപ്പെടുത്താനാണോ എന്ന് സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു. മനഃപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. എം.ടിയുടെയും എം. മുകുന്ദൻ്റേയും വിമർശനം പൊതുവായി ഉള്ളതാണ്. തങ്ങളെ ബാധിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ ഉൾക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്ത് നിയമവിരുദ്ധ വായ്പ അനുവദിക്കാൻ പി രാജീവ് സമ്മർദം ചെലുത്തിയെന്നാണ് ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ മൊഴി നൽകിയതെന്നാണ് ഇ.ഡി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. രഹസ്യ അക്കൗണ്ടുകൾ വഴി നൂറ് കോടിയിലധികം നിക്ഷേപം സിപിഎം സ്വന്തമാക്കിയെന്നും സത്യവാങ്മൂലത്തിലുണ്ട്.
കരിവന്നൂർ ബാങ്കിലെ കോടികളുടെ തട്ടിപ്പിന് പിന്നിൽ സിപിഎമ്മിന് വലിയ പങ്കുണ്ടെന്നാണ് ഇ.ഡിയുടെ സത്യവാങ്മൂലത്തിലുള്ളത്. ബാങ്കിൽ നിന്നും അനധികൃത വായ്പകൾ അനുവദിക്കാനായി നേതാക്കൾ ഇടപെട്ടതായുള്ള മൊഴി ഉണ്ടെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തിലുണ്ട്. പി. രാജീവിനെ കൂടാതെ എ.സി മൊയ്തീനും പണം അനുവദിക്കാൻ സമ്മർദം ചെലുത്തിയെന്ന് സുനിൽ കുമാർ മൊഴി നൽകിയതായി സത്യവാങ്മൂലത്തിലുണ്ട്.