കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ അനുവദിക്കാൻ മന്ത്രി പി. രാജീവ് ഇടപെട്ടതായി മൊഴി
|രഹസ്യ അക്കൗണ്ടുകൾ വഴി നൂറ് കോടിയിലധികം നിക്ഷേപം സിപിഎം സ്വന്തമാക്കിയെന്നും ഇ.ഡി സത്യവാങ്മൂലത്തിലുണ്ട്.
കൊച്ചി: കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ അനുവദിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടിരുന്നതായി മുൻ സെക്രട്ടറിയുടെ മൊഴി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്ത് പി രാജീവ് സമ്മർദം ചെലുത്തിയെന്നാണ് ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ മൊഴി നൽകിയത്. സുനിൽ കുമാറിൻ്റെ മൊഴി ഉൾപ്പെടുന്ന സത്യവാങ്മൂലം ഇ.ഡി ഹൈക്കോടതിയിൽ സമർപ്പിച്ചു.
രഹസ്യ അക്കൗണ്ടുകൾ വഴി നൂറ് കോടിയിലധികം നിക്ഷേപം സിപിഎം സ്വന്തമാക്കിയെന്നും സത്യവാങ്മൂലത്തിലുണ്ട്. കരിവന്നൂർ ബാങ്കിലെ കോടികളുടെ തട്ടിപ്പിന് പിന്നിൽ സിപിഎമ്മിന് വലിയ പങ്കുണ്ടെന്നാണ് ഇ.ഡിയുടെ സത്യവാങ്മൂലത്തിലുള്ളത്. സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികളുടെ പേരിൽ നിരവധി അക്കൗണ്ടുകൾ കരിവന്നൂർ ബാങ്കിലുണ്ടായിരുന്നു.
ബാങ്കിൽ നിന്നും അനധികൃത വായ്പകൾ അനുവദിക്കാനായി നേതാക്കൾ ഇടപെട്ടതായുള്ള മൊഴി ഉണ്ടെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തിലുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരിക്കെ പി. രാജീവും തൃശൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ എ.സി മൊയ്തീനും പണം അനുവദിക്കാൻ സമ്മർദം ചെലുത്തിയെന്നാണ് സുനിൽ കുമാർ മൊഴി നൽകിയത്. ഈ മൊഴിയുടെ വിശദാംശങ്ങൾ ഉൾപ്പെടെ ഇ.ഡി നൽകിയ സത്യവാങ്മൂലത്തിലുണ്ട്.
പാർട്ടി ലെവി, പാർട്ടി ഫണ്ട്, ഇലക്ഷൻ ഫണ്ട് ഇനങ്ങളിൽ രഹസ്യ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കപ്പെട്ടിരുന്നുവെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ഈ അക്കൗണ്ടുകളിലെ പണം പ്രാദേശിക പാർട്ടി പരിപാടികൾക്കാണ് ഉപയോഗിച്ചിരുന്നത്. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തും ഓഡിറ്റിന് വിധേയമാക്കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശങ്ങൾ സിപിഎം ലംഘിച്ചുവെന്നും സത്യവാങ്മൂലത്തിലുണ്ട്. 17 സിപിഎം ഏരിയാ കമ്മിറ്റികളുടേതായി 25 രഹസ്യ അക്കൗണ്ടുകളാണ് ഉള്ളത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഈ രഹസ്യ അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപം 100 കോടിയിലധികമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. കരിവന്നൂർ ബാങ്കിലെ അക്കൗണ്ട് മരവിപ്പിച്ചുവെന്നാരോപിച്ച് സമർപ്പിച്ച ഹരജിയിലാണ് ഇ.ഡി നിലപാട് അറിയിച്ചത്.