' ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക നിയന്ത്രണ വിധേയമാക്കാൻ എത്ര ദിവസമെടുക്കുമെന്ന് പറയാനാവില്ല';മന്ത്രി പി.രാജീവ്
|'തീപിടിത്തം 80 ശതമാനം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്'
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക നിയന്ത്രണ വിധേയമാക്കാൻ എത്ര ദിവസമെടുക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മന്ത്രി പി.രാജീവ്. തീപിടിത്തം 80 ശതമാനം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. സാധ്യമാകുന്ന എല്ലാ പ്രവർത്തനങ്ങളും സർക്കാർ ഏകോപിപ്പിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ താഴെ തട്ടിൽ എന്ത് നടപടി വേണമെന്ന് പരിശോധിക്കുമെന്നും പി.രാജീവ് പറഞ്ഞു.
'ആറടിയോളം താഴ്ചയിൽ തീ പടർന്നിരുന്നു. ഭാവിയിൽ ഇത്തരം അനുഭവം ഉണ്ടാകാൻ പാടില്ല. ആവർത്തിക്കാതിരിക്കാൻ താഴെ തട്ടിൽ എന്ത് നടപടി വേണമെന്ന് പരിശോധിക്കും. മുൻ കലക്ടർ നല്ല പ്രവർത്തനമാണ് നടത്തിയത്. ആറടി താഴ്ചയിൽ തീ ഉണ്ടായിരുന്നു. കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചത്...' മന്ത്രി പറഞ്ഞു.
കൊച്ചിയിൽ കെട്ടികിടക്കുന്ന മാലിന്യങ്ങൾ നീക്കി തുടങ്ങിയെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ് അറിയിച്ചു. തീ എത്രയും വേഗം പൂർണമായി നിയന്ത്രിക്കും.കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ സർക്കാറിന് ആക്ഷൻ പ്ലാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിച്ച ശേഷമാണ് ഇരുവരുടെയും പ്രതികരണം.
അതേസമയം, ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എസ്.വി.ഭാട്ടി, ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉച്ചയ്ക്ക് 1.45ന് കേസ് പരിഗണിക്കുക. തീപിടിത്തവുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോർട്ട് ജില്ലാ കലക്ടർ ഇന്ന് കോടതിയിൽ സമർപ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം കൂടി ചേർത്ത് ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ തദ്ദേശ സെക്രട്ടറിക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടറും, കോർപ്പറേഷൻ സെക്രട്ടറിയും ഇന്നും നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.