Kerala
Minister P Rajeev said that the differently abled reservation will be implemented without changing the general reservation, Minister P Rajeev on differently abled and Muslim reservation issue

പി. രാജീവ്

Kerala

ഭിന്നശേഷി സംവരണം പൊതുവായ സംവരണത്തിൽ മാറ്റംവരുത്താതെ നടപ്പാക്കും-മന്ത്രി പി. രാജീവ്

Web Desk
|
25 Nov 2023 4:01 AM GMT

നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള സാമൂഹികനീതി വകുപ്പിന്റെ തീരുമാനം മുസ്‌ലിം സംവരണത്തിൽ രണ്ടു ശതമാനം ഇടിവുണ്ടാക്കുമെന്ന വാർത്ത മീഡിയവൺ പുറത്തുകൊണ്ടുവന്നിരുന്നു

കോഴിക്കോട്: പൊതുവായ സംവരണത്തിൽ മാറ്റം വരുത്താതെയാകും ഭിന്നശേഷി സംവരണം നടപ്പാക്കുകയെന്ന് മന്ത്രി പി. രാജീവ്. അതിനുള്ള ശ്രമത്തിലാണ് സർക്കാരെന്നും രാജീവ് മീഡിയവണ്ണിനോട് പറഞ്ഞു. നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള സാമൂഹികനീതി വകുപ്പിന്റെ തീരുമാനം മുസ്‌ലിം സംവരണത്തിൽ രണ്ടു ശതമാനം ഇടിവുണ്ടാക്കുമെന്ന വാർത്ത മീഡിയവൺ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിൽ വിവിധ സംഘടനകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് കോഴിക്കോട്ടുള്ള മന്ത്രി രാജീവ് രാവിലത്തെ നടത്തത്തിനിടെയാണ് ഇക്കാര്യത്തിൽ മീഡിയവണിനോട് പ്രതികരിച്ചത്. പൊതുവായ സംവരണത്തിൽ മാറ്റം വരുത്താതെയാകും ഇത്തരം കാര്യങ്ങളിൽ ഇടപെടുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സംവരണസംവിധാനത്തിനകത്ത് മാറ്റങ്ങളൊന്നും വരുത്താതെ ഇതെങ്ങനെ നടത്താൻ കഴിയുമെന്നാണു സർക്കാർ ആലോചിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോഴുണ്ടാകുന്ന മുസ്ലിം സംവരണത്തിലെ കുറവ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മൊത്തം സംവരണപരിധി ഉയർത്താനാകാത്തതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളത്. ആരെയും ഒഴിവാക്കുന്ന സ്ഥിതിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭിന്നശേഷി സംവരണം നാല് ശതമാനം നടപ്പാക്കുമ്പോഴുള്ള റൊട്ടേഷനിലെ പ്രശ്‌നം കാരണം മുസ്ലിം വിഭാഗത്തിന് രണ്ടു ശതമാനം സംവരണം നഷ്ടപ്പെടുമെന്ന വാർത്ത മീഡിയവൺ പുറത്തുകൊണ്ടുവന്നതിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംവരണക്കുറവുണ്ടാകുന്ന സാഹചര്യം അംഗീകരിച്ച മുഖ്യമന്ത്രി അത് പരിശോധിക്കുമെന്നും പറഞ്ഞു. അതേസമയം, ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ഒരു വിഭാഗത്തിന്റെയും സംവരണം നഷ്ടമാകില്ലെന്ന് മന്ത്രി ആർ. ബിന്ദുവും പ്രതികരിച്ചു.

മുസ്ലിം സംവരണം രണ്ടു ശതമാനം കുറവ് വരുന്ന രീതിയിൽ ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള ഉത്തരവാണ് മീഡിയവൺ പുറത്തുകൊണ്ടുവന്നത്. ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഒക്ടോബർ ഒന്നിന് പുറത്തിക്കിയ ഉത്തരവാണ് വിവാദമാകുന്നത്. മുസ്ലിം സംവരണം രണ്ട് ശതമാനം കുറയുന്ന രീതിയിലുള്ള റൊട്ടേഷൻ രീതി പുനഃപരിശോധിക്കാതെയാണ് പുതിയ സർക്കാർ ഉത്തരവ്. ഈ ഉത്തരവിലാണ് റൊട്ടോഷൻ രീതി വിവരിക്കുന്നത്.

ഭിന്നശേഷി സംവരണം നാലു ശതമാനം നടപ്പാക്കാനായി 2019 ഒക്ടോബറിൽ സാമൂഹികനീതി വകുപ്പ് ഉത്തരവ് പുറത്തിറക്കിയപ്പോഴാണ് ഈ പ്രശ്‌നം ആദ്യം ഉയരുന്നത്. സംവരണത്തിനുള്ള റൊട്ടേഷനിൽ 1,26,51,76 എന്ന ക്രമത്തിൽ ഭിന്നശേഷി വിഭാഗത്തെയും ഉൾപ്പെടുത്തണമെന്നായിരുന്നു നിർദേശം. ഇതിൽ 26, 76 റൊട്ടേഷൻ മുസ്ലിം വിഭാഗത്തിന്റേതായതിനാൽ ഈ രീതിയിൽ നിയമനം നടത്തിയാൽ മുസ്‌ലിം സംവരണം രണ്ട് ശതമാനം കുറയും. ഇത് അന്നു തന്നെ ചൂണ്ടിക്കാണിച്ചപ്പോൾ ഒരു വിഭാഗത്തിന്റെയും സംവരണത്തിൽ കുറവ് വരുത്താതെ തന്നെ ഭിന്നശേഷി സംവരണം നടപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ ഉറപ്പുനൽകി. എന്നാൽ, ഭിന്നശേഷി സംവരണം നാലു ശതമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം വീണ്ടും ഉത്തരവിറക്കിയപ്പോഴും സംവരണ റൊട്ടേഷനിൽ മാറ്റം വരുത്തിയിട്ടില്ല.

Summary: Minister P Rajeev said that the differently abled reservation will be implemented without changing the general reservation

Similar Posts