Kerala
Those who are intolerant of criticism should stay away from political party positions; criticism against Sadiqali Thangal is not against religion: Minister PA Mohammed Riyas
Kerala

'വിമർശനത്തോട് അസഹിഷ്ണുതയുള്ളവർ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനങ്ങളിൽനിന്നു മാറിനിൽക്കണം'-മന്ത്രി റിയാസ്

Web Desk
|
18 Nov 2024 10:57 AM GMT

'സ്വന്തം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുധാകരനെ വിമർശിച്ചാൽ പ്രതിപക്ഷ നേതാവിനു നിലവിളിയില്ല. ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനെ വിമർശിച്ചത് വലിയ കുഴപ്പമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു'

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിമർശനം മതത്തിനെതിരാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ മതം കലർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ അസഹിഷ്ണുത. വിമർശനത്തെ സഹിഷ്ണുതയോടെ കാണാൻ കഴിയാത്തവർ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽനിന്നു മാറിനിൽക്കണമെന്നും റിയാസ് പറഞ്ഞു.

ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന കാലത്തോളം വിമർശിക്കപ്പെടുന്നതു സ്വാഭാവികമാണ്. അതിനെ അസഹിഷ്ണുതയോടെ കാണാൻ പ്രേരിപ്പിക്കുന്നത് രാഷ്ട്രീയത്തിൽ മതം കലർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതൊരു മതത്തിനെതിരാണെന്നു വരുത്തിത്തീർക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും അപമാനമാണെന്ന് മന്ത്രി റിയാസ് വിമർശിച്ചു.

''സ്വന്തം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുധാകരനെ വിമർശിച്ചാൽ അദ്ദേഹത്തിനു നിലവിളിയില്ല. എന്നാൽ, മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനെ വിമർശിച്ചത് വലിയ കുഴപ്പമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. വിമർശനത്തെ സഹിഷ്ണുതയോടെ കാണാൻ പറ്റാത്തവർ രാഷ്ട്രീയരംഗത്ത് നിൽക്കാൻ പാടില്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രധാനപ്പെട്ട ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽനിന്നു മാറണം. രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് വിമർശനം നടത്തുകയും, തിരിച്ചു വിമർശനം വരുമ്പോൾ അതു ഏതെങ്കിലുമൊരു സമുദായത്തിനെതിരാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം ഒരു തരത്തിലും നാടിനു ഭൂഷണമല്ല. അംഗീകരിക്കാനുമാകില്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരിക്കുന്നയാൾ അത്തരമൊരു വിമർശനമുന്നയിച്ചതു ലജ്ജാകരമാണ്.'

വിഷം തുപ്പുന്ന പ്രസംഗം നടത്തിയയാളാണ് ബിജെപിയിൽനിന്ന് കോൺഗ്രസിൽ ചേർന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു. അങ്ങനെയൊരാൾ പാണക്കാട് വരുമ്പോൾ നേരത്തെ നടത്തിയ പ്രസ്താവനയൊന്നും തള്ളിപ്പറഞ്ഞിട്ടില്ല. അത്തരമൊരു വ്യക്തിക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. മതന്യൂനപക്ഷങ്ങളുടെ പൊതുബോധത്തെ തങ്ങളാണു നിശ്ചയിക്കുന്നതെന്നു പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Summary: 'Those who are intolerant of criticism should stay away from political party positions; criticism against Sadiqali Thangal is not against religion': Minister PA Mohammed Riyas

Similar Posts