'ഫോട്ടോ എടുത്താൽ പോര, ദേശീയപാതയിലെ കുഴികളും എണ്ണണം': കേന്ദ്രമന്ത്രിമാർക്കെതിരെ മന്ത്രി റിയാസ്
|കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ദിവസവും നടത്തുന്ന വാർത്താസമ്മേളനത്തേക്കാൾ കൂടുതൽ കുഴികൾ ദേശീയ പാതയിലുണ്ടെന്നും മന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാർക്കെതിരെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദേശീയപാതയിൽ ഫോട്ടോ എടുത്താൽ പോരാ ദേശീയപാതയിലെ കുഴികളും കേന്ദ്രമന്ത്രിമാർ എണ്ണണമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ദിവസവും നടത്തുന്ന വാർത്താസമ്മേളനത്തേക്കാൾ കൂടുതൽ കുഴികൾ ദേശീയ പാതയിലുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ദേശീയപാതാ വികസനം നടക്കുന്നു എന്നത് യാഥാർത്ഥ്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.കേന്ദ്രത്തെ വിമർശിക്കുമ്പോൾ എന്തിന് മറ്റുചിലർ പ്രകോപിതരാകുന്നു എന്ന് മന്ത്രി മുഹമ്മദ് റിയാസ് തിരിച്ചു ചോദിച്ചു.
അതേസമയം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത് എത്തി. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാത്തതിന് കാരണം കേന്ദ്ര സഹായമെന്ന പ്രസ്താവന പരിഹാസ്യമാണെന്ന് ബാലഗോപാല്‍ പറഞ്ഞു. പിരിച്ചു കൊണ്ടു പോകുന്ന നികുതിയുടെ അർഹമായ പങ്ക് പോലും കേന്ദ്രം നൽകുന്നില്ല. അപ്പോഴും ഇങ്ങനെ പറയാൻ ചില്ലറ ധൈര്യം പോരെന്ന് ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.