വന്ദേഭാരത് കെ-റെയിലിന് ബദലാവില്ല: മന്ത്രി പി.എ മുഹമ്മദ് റിയാസ്
|നിലവിലുള്ള പാത നവീകരിക്കാതെ വന്ദേ ഭാരത് ഉപയോഗപ്രദമാവില്ലെന്നും മന്ത്രി
കണ്ണൂർ:വന്ദേ ഭാരത് ട്രെയിൻ സിൽവർ ലൈനിന് ബദലാവില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഗുണനിലവാരമുള്ള പുതിയ ട്രെയിനുകൾ എന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല മലയാളിയുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. ധർമ്മടം മണ്ഡലത്തിലെ കാടാച്ചിറ ടൗൺ സൗന്ദര്യവൽക്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനമാണ് കേരളം. അതിന് അനുയോജ്യമായ തരത്തിൽ പുതിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ട്രെയിനുകൾ അനുവദിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണ്. എത്രയോ കാലത്തിനു ശേഷം ഇത്തരം ഒരു ട്രെയിൻ കേരളത്തിന് അനുവദിച്ചത് സന്തോഷകരമാണ്. ഇക്കാര്യത്തിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നവർക്ക് ഒപ്പമാണ് നമ്മളെല്ലാവരും. എന്നാൽ ചിലർ എല്ലാ പ്രശ്‌നവും ഇതോടെ അവസാനിച്ചു എന്ന തരത്തിൽ കൃത്രിമമായി സന്തോഷം പകർത്താൻ ശ്രമിക്കുന്നുണ്ട്. അവർക്കൊപ്പം നിൽക്കാൻ കഴിയില്ല.
നിലവിലുള്ള പാത നവീകരിക്കാതെ വന്ദേ ഭാരത് ഉപയോഗപ്രദമാവില്ല. ജനശതാബ്ദി എക്‌സ്പ്രസ്സിന്റെ വേഗത്തിൽ മാത്രമേ വന്ദേ ഭാരതിന് ഇപ്പോൾ സഞ്ചരിക്കാൻ കഴിയൂ. യഥാർത്ഥ വേഗത്തിൽ സഞ്ചരിക്കണമെങ്കിൽ നിലവിലുള്ള പാതയിലെ 600 ലധികം വളവുകൾ നികത്തേണ്ടതുണ്ട്. നിലവിലുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെടാതെ ഭൂമി ഏറ്റെടുത്ത് ഈ അവസ്ഥ പരിഹരിക്കാൻ ശ്രമിച്ചാൽ തന്നെ 10 മുതൽ 20 വർഷത്തിനുള്ളിലെ ഇത് സാധ്യമാകൂ. എന്നാൽ ഇത് നടപ്പാക്കാൻ ആവശ്യമായ സ്ഥിതി സംസ്ഥാനത്ത് ഇപ്പോൾ നിലവിലില്ല. അതിനുവരുന്ന ചെലവ് കൂടി പരിശോധിക്കുമ്പോൾ അത് അതിഭീകരമായി മാറും.
ദേശീയപാത വികസനം കൊണ്ട് മാത്രം നമ്മുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാവില്ല എന്ന ബോധ്യത്തിൽ നിന്നാണ് സിൽവർ ലൈൻ എന്ന പദ്ധതി സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. സിൽവർ ലൈൻ 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോൾ മൂന്നു മിനിറ്റ് ഇടവിട്ട് ഒരു ട്രെയിൻ എന്ന നിലയിലേക്ക് മാറ്റാൻ കഴിയും. ഇന്റർ സിറ്റി സംവിധാനം ഇടയ്ക്കിടെ കൊണ്ടുവരാൻ പറ്റും. വളരെ കുറഞ്ഞ സമയം കൊണ്ട് സിൽവർ ലൈനിൽ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്ക് എത്താൻ കഴിയും. അതുകൊണ്ട് വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ സിൽവർ ലൈനിന് ഒരിക്കലും ബദൽ ആവില്ല എന്നത് യാഥാർത്ഥ്യമാണ്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കേരളത്തിന് ദേശീയപാത 66 ന്റെ വികസനവും തീരദേശ പാതയും മലയോര പാതയും വലിയ ആശ്വാസമാണ്. എന്നാൽ സിൽവർ ലൈൻ പോലുള്ള പദ്ധതികൾ കേരളത്തിന് അനിവാര്യമാണ്.
കേന്ദ്ര ഫണ്ട് ലഭ്യമായാലും ദേശീയപാതയുടെ വികസനം പ്രായോഗികമായി നടപ്പിലാക്കേണ്ടത് സംസ്ഥാന ഗവൺമെന്റാണ്. സംസ്ഥാന സർക്കാരിന് ഇതിൽ എന്താണ് പങ്ക് എന്ന് ചിലർ അറിഞ്ഞുകൊണ്ട് ചോദിക്കുന്നതാണ്. സംസ്ഥാനത്തിന്റെ ഫണ്ടും ഉണ്ട് എന്നുള്ളത് കൊണ്ട് മാത്രമല്ല സംസ്ഥാന സർക്കാർ ഇതിൽ ഇടപെടുന്നത്. ദേശീയപാത വികസനം സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. കേരളത്തിലെ ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണമാണ് കേന്ദ്രസർക്കാർ തിരിച്ചു തരുന്നത്. അത് ആരുടെയും ഔദാര്യമല്ല. അത് യാഥാർത്ഥ്യമാക്കാനാണ് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടത്. അതുകൊണ്ടുതന്നെ 2025 ഓടെ ദേശീയപാത വികസനം പൂർത്തിയാകും എന്ന് നിശ്ചയദാർഢ്യത്തോടെ സംസ്ഥാന സർക്കാരിന് പറയാൻ കഴിയുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.