Kerala
minister r bindhu against ksu and youth congress allegations against her over the sfi victory in kerala varma college
Kerala

'മന്ത്രി ഇടപെട്ട് ജയിപ്പിച്ചെന്നാരോപിച്ച് കരിങ്കൊടിയുമായി ചാടിവീണവരൊക്കെ ഇനിയെന്ത് പറയും'; കേരളവർമ എസ്.എഫ്.ഐ വിജയത്തിൽ ആർ. ബിന്ദു

Web Desk
|
2 Dec 2023 4:06 PM GMT

കരിങ്കൊടിക്കൊക്കെ ഒരു വിലയില്ലേ കൂട്ടരേ എന്നും മന്ത്രി ചോദിച്ചു.

തൃശൂർ: കേരളവർമ കോളജ് ചെയർമാൻ തെരഞ്ഞെടുപ്പ് റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐ ജയിച്ചതോടെ കെ.എസ്.യുവിനും യൂത്ത് കോൺ​ഗ്രസിനുമെതിരെ മന്ത്രി ആർ. ബിന്ദു. വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് എസ്.എഫ്.ഐയെ ജയിപ്പിച്ചു എന്നാരോപിച്ച് കരിങ്കൊടിയുമായി പിന്നിലും മുന്നിലും ചാടി വീണ് അക്രമോത്സുക മുദ്രാവാക്യവർഷം നടത്തിയവർ ഇനിയെന്ത് പറയുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഓഫീസിന് മുന്നിൽ പത്രസമ്മേളനം നടത്തുമ്പോൾ പോലും ആക്രോശിച്ച് അലറി ആക്രമിക്കാൻ ഓടിയടുത്തു. ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ യാതൊരുവിധ ഇടപെടലുകളും കോളജ് തെരഞ്ഞെടുപ്പുകളിൽ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കരിങ്കൊടിക്കൊക്കെ ഒരു വിലയില്ലേ, കൂട്ടരേ എന്നും ആർ. ബിന്ദു ചോദിച്ചു.

മുന്നു വോട്ടുകൾക്കാണ് എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ് അനിരുദ്ധൻ വിജയിച്ചത്. കെ.എസ്.യു നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി വിധിപ്രകാരമാണ് റീകൗണ്ടിങ് നടത്തിയത്. എസ്.എഫ്.ഐ സ്ഥാനാർഥിക്ക് 892 വോട്ട് ലഭിച്ചപ്പോൾ കെ.എസ്.യു സ്ഥാനാർഥിക്ക് 889 വോട്ട് ലഭിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ കേരളവർമ്മ കോളേജിൽ കോടതി നിർദ്ദേശം അനുസരിച്ച് വീണ്ടും വോട്ടെണ്ണിയപ്പോൾ വീണ്ടും എസ് എഫ് ഐ യുടെ ചെയർമാൻ സ്ഥാനാർഥി വിജയിച്ചിരിക്കുന്നു.... വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട് വോട്ടെണ്ണുന്ന പ്രക്രിയയാകെ. ...

ഈ വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് എസ് എഫ് ഐ യെ ജയിപ്പിച്ചു എന്നാരോപിച്ച് കുറേ ദിവസങ്ങൾ ഞാൻ എവിടെ പോയാലും കെ എസ് യു ക്കാരും യൂത്ത് കോൺഗ്രസുകാരും കരിംകൊടിയുമായി പിന്നിലും മുന്നിലും ചാടി വീണ് അക്രമോത്സുകമായ മുദ്രാവാക്യവർഷവും അട്ടഹാസങ്ങളും കെട്ടഴിച്ചു വിട്ടു. ഓഫിസിന് മുന്നിൽ പത്രസമ്മേളനം നടത്തുമ്പോൾ പോലും ആക്രോശിച്ച് അലറി ആക്രമിക്കാൻ ഓടിയടുത്തു.

ഇപ്പോളിനി അവർ എന്തു പറയും?

പ്രിയരേ, മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവർമ്മയിലും എസ് എഫ് ഐ വളർന്നത്. ത്യാഗോജ്ജ്വലമായ അവകാശപ്പോരാട്ടങ്ങളിലൂടെയാണ്. ..അമരന്മാരായ ധീരരക്തസാക്ഷികളുടെ ആവേശകരമായ സ്മരണകളാണ് അതിന് ഊർജ്ജം പകരുന്നത്.

ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ യാതൊരു വിധ ഇടപെടലുകളും കോളേജ് തെരഞ്ഞെടുപ്പുകളിൽ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ചു പറയട്ടെ.

കരിംകൊടിക്കൊക്കെ ഒരു വിലയില്ലേ, കൂട്ടരേ...



Similar Posts