മാധ്യമ പ്രവർത്തകക്കെതിരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമാണെന്ന് മന്ത്രി ആർ ബിന്ദു
|ഫ്യൂഡൽ മേലാള ബോധത്തോടെയാണ് സുരേഷ് ഗോപിയുടെ പെരുമാറ്റവും സംസാരവുമെന്നും ആർ ബിന്ദു പറഞ്ഞു
കോഴിക്കോട്: മാധ്യമ പ്രവർത്തകക്കെതിരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമാണ് മന്ത്രി ആർ ബിന്ദു. ഫ്യൂഡൽ മേലാള ബോധത്തോടെയാണ് സുരേഷ് ഗോപിയുടെ പെരുമാറ്റവും സംസാരവും. ആത്മാഭിമാനമുള്ള സ്ത്രീകളെല്ലാം പ്രതികരിക്കേണ്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു.
ഷിദ കൃത്യമായ രീതിയിൽ ചോദ്യം ഉന്നയിച്ചു മുന്നോട്ട് വരികയും മിടുക്കോടെ ആ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തപ്പോൾ അതിലുള്ള അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവച്ച് പിന്നോട്ട് തള്ളികൊണ്ട് ഇനി ചോദ്യം ചോദിക്കേണ്ട ഓവർ സ്മാർട്ട് ആവേണ്ട എന്ന രീതിയിലുള്ള ഒരു വർത്തമാനമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളതെന്നും ആർ ബിന്ദു പറഞ്ഞു.
സ്ത്രീകളെ പൊതുമണ്ഡലത്തിൽ നിശബ്ദരാക്കാൻ വേണ്ടി ഇങ്ങനെ മേലാള ബോധമുള്ളവർ സ്ഥിരമായി ഉപയോഗിച്ചു വരുന്ന പരിപാടിയാണിത്. അതിനെതിരെ പ്രതികരിക്കാൻ തയ്യാറായ മാധ്യമപ്രവർത്തകയെ അഭിനന്ദിക്കുകയാണ്. അവർ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് മാത്രമല്ല. തന്റെ അനുവാദമില്ലാതെ തന്റെ ശരീരത്തിൽ സ്പർശിച്ചതും ഓരങ്ങളിലേക്ക് തള്ളിമാറ്റിയതും പ്രതിഷേധാർഹമായിട്ടുള്ള കാര്യമാണെന്ന് മാധ്യമ പ്രവർത്തക ഉൾകൊള്ളുകയും അതിൽ പ്രതികരിക്കാൻ തയ്യാറായതും അത്യന്തം അഭിനന്ദനീയമാണെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.