സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ നിയമനത്തിൽ ഇടപെട്ട് മന്ത്രി ആര്.ബിന്ദു; പട്ടികയിൽ മാറ്റം വരുത്തിയെന്ന് വിവരാവകാശ രേഖ
|ഒഴിവാക്കിയ 33 പേരെ തിരുകിക്കയറ്റാനുള്ള നീക്കമെന്ന് ആക്ഷേപം
തിരുവനന്തപുരം: സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടിക വൈകാൻ കാരണം ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവിന്റെ ഇടപെടലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. വകുപ്പുതല സെലക്ഷൻ കമ്മിറ്റി തയാറാക്കിയ അന്തിമ പട്ടികയെ കരട് പട്ടികയാക്കാൻ മന്ത്രി ആർ ബിന്ദു നിർദേശിച്ചെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.
യോഗ്യതയില്ലാത്തതിന്റെ പേരില്‍ സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയ 33 പേരെ കൂടി ഉൾപ്പെടുത്താനെന്ന് മന്ത്രിയുടെ നീക്കമെന്ന് ആക്ഷേപമുണ്ട്. പി.എസ്.സി അംഗീകരിച്ച 43 അംഗ പട്ടികയിൽ മന്ത്രി ആർ.ബിന്ദുവിന്റെ നിർദേശത്തെ തുടർന്ന് മാറ്റം വരുത്തിയെന്നും വിവരാവകാശ രേഖയിൽ പറയുന്നു. ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തുന്നതിനുപകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12ന് മന്ത്രി ബിന്ദു നിര്‍ദേശിച്ചു. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശിച്ചിരുന്നു. എന്നാല്‍ യു.ജി.സി റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല.
മന്ത്രിയുടെ നിർദേശ പ്രകാരം കോളജ് വിദ്യാഭ്യാസ ഡയറക്ടർ 2023 ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടർന്നാണ് സർക്കാർ രൂപവത്കരിച്ച അപ്പീൽ കമ്മിറ്റി സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉൾപ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്. 76 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താനുള്ള സർക്കാർ നീക്കം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു.