നിയമ ലംഘനം നടത്തിയ മന്ത്രി ആർ ബിന്ദു രാജിവെക്കണം: വിഡി സതീശൻ
|കെഎസ്ആർസിയിൽ ശമ്പളം നൽകാനാകാത്ത സർക്കാർ കെ റെയിൽ നടപ്പാക്കാൻ പോകുകയാണെന്നും കെഎസ്ആർടിസിയെ അടച്ച് പൂട്ടാനാണ് സർക്കാർ ശ്രമമെന്നും പ്രതിപക്ഷ നേതാവ്
കണ്ണൂർ സർവകലാശാലയിലെ മുൻ വിസി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് കത്തെഴുതിയത് വഴി നിയമ ലംഘനം നടത്തിയ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയതെന്നും ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുമെന്നും വിഡി സതീശൻ പറഞ്ഞു. കെഎസ്ആർസിയിൽ ശമ്പളം നൽകാനാകാത്ത സർക്കാർ കെ റെയിൽ നടപ്പാക്കാൻ പോകുകയാണെന്നും കെഎസ്ആർടിസിയെ അടച്ച് പൂട്ടാനാണ് സർക്കാർ ശ്രമമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാവപ്പെട്ടവരുടെ യാത്രാ സംവിധാനം ഇല്ലാതാക്കി വരേണ്യവർഗ്ഗത്തിന് വേണ്ടി കെ റെയിൽ നടപ്പാക്കാൻ പോകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ റെയിലിന് ഡിപിആർ പോലുമില്ലെന്നും ഒരു പഠനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ ഒപ്പിടാത്ത കാര്യം പാർട്ടി പരിശോധിക്കുകയാണെന്നും ഈ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഈ നിലപാടെന്നും പരിശോധിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി. കേരളം നിക്ഷേപ സൗഹൃദമാക്കാൻ പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്നും എല്ലാ നല്ല കാര്യത്തിനും സർഗാത്മകമായ പ്രതി പക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നിറഞ്ഞ കെ റെയിലിന്റെ എല്ലാ നടപടിക്രമങ്ങളെയും എതിർക്കുമെന്നും സതീശൻ പറഞ്ഞു. പ്രധാനപ്പെട്ട ഫയലുകൾ കാണാതാവുകയും കത്തി പോവുകയും ചെയ്യുന്നത് സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.