കേരളവർമ തെരഞ്ഞെടുപ്പ് വിവാദം; മന്ത്രി ആർ.ബിന്ദുവിനെ വഴിയിൽ തടഞ്ഞ് കെ.എസ്.യു പ്രവർത്തകർ
|നാളെ മന്ത്രിയുടെ വസതിയിലേക്ക് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തും.
തിരുവനന്തപുരം: കേരളവർമ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു. തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ പ്രവർത്തകർ വഴിയിൽ തടഞ്ഞു. കനകക്കുന്നിൽ കേരളീയത്തിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അതേസമയം, കെ.എസ്.യുക്കാർ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അവർക്കുമറിയില്ല തനിക്കുമറിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. 30,500 രൂപയുടെ കണ്ണട വാങ്ങിയോ എന്ന ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.
തൃശൂരിൽ കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. ജില്ലാ കലക്ടറേറ്റിൽ സ്ഥാപിച്ച നവകേരള സദസിന്റെ ഫ്ലക്സിലാണ് കരിഓയിൽ ഒഴിച്ചത്. കേരളവർമ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആർ. ബിന്ദുവാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കേരളവർമ കോളജ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ ക്രമക്കേടിലൂടെ അട്ടിമറിച്ചുവെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഉൾപ്പെടെയുള്ളവർ ഇതിന് ഒത്താശ ചെയ്തുവെന്നാണ് കെ.എസ്.യു ആരോപണം. നാളെ മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് കെ.എസ്.യു തീരുമാനം.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട ടാബുലേഷൻ ഷീറ്റ് വ്യാജമായി നിർമിച്ചതാണ്. അതിന് അധ്യാപകർ ഒത്താശ ചെയ്തുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. വിഷയത്തിൽ കെ.എസ്.യു ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി നാളെ പരിഗണിക്കും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെനാവശ്യപ്പെട്ടാണ് കെ.എസ്.യു ചെയർപേഴ്സൺ സ്ഥാനാർഥി ശ്രീക്കുട്ടൻ ഹരജി നൽകിയത്.