ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത്-മന്ത്രി രാധാകൃഷ്ണൻ
|ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശനവസ്തുവാക്കരുതെന്നും കേരളീയത്തിൽ സംഭവിച്ചതു പരിശോധിക്കുമെന്നും മന്ത്രി
തൃശൂർ: കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ. ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേതെന്നെന്ന് മന്ത്രി പറഞ്ഞു. ഗോത്രവർഗക്കാരെ പ്രദർശനവസ്തുവാക്കരുത്. മേളയിൽ സംഭവിച്ചത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശനവസ്തുവാക്കരുത്. ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശവാസികളെ അവഗണിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ നടപടി സ്വീകരിക്കണം. പുതിയ കാലഘട്ടത്തിൽ പഴയ കാര്യങ്ങൾ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ ജീവിതം ഒരുക്കിയത്. ഇത് ഞാൻ കണ്ടിട്ടില്ല. ഇന്നലെ വിവരം അറിഞ്ഞ വേളയിൽ തന്നെ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും നിരുപദ്രവകരമായാണ് അവർ ഇതു ചെയ്തതെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
ലിവിങ് മ്യൂസിയം ആദിവാസികളെ പ്രദർശനവസ്തുവാക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം സാമൂഹികപ്രവർത്തകർ രംഗത്തെത്തിയത്. ഗോത്രകലകൾ പരിചയപ്പെടുത്തൽ മാത്രമാണ് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സർക്കാരിന്റെയും ഫോക്‌ലോർ അക്കാദമിയുടെയും വിശദീകരണം.
കനകക്കുന്നിലാണ് അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ആദിമം ലിവിങ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം സാമൂഹ്യ പ്രവർത്തകരടക്കം സോഷ്യൽ മീഡിയയിൽ ഉയർത്തി. എന്നാൽ, തങ്ങളെ കെട്ടുകാഴ്ചയാക്കിയിട്ടില്ലെന്നും കലാപ്രകടനത്തിന് എത്തിയതാണെന്നും പരിപാടിയുടെ ഭാഗമായ ആദിവാസികൾ പ്രതികരിച്ചു.
ഇതിനിടെ, ലിവിങ് മ്യൂസിയത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് ആദിവാസി ഗോത്ര മഹാസഭ പ്രവർത്തകർക്കെതിരെയാണു നടപടി.
Summary: Minister K. Radhakrishnan K Radhakrishnan responds to the Aadimam Living Museum controversy at Keraleeyam 2023