അഞ്ചംഗ കുടുംബത്തിന് പ്രതിമാസം 15,000 ലിറ്റർ വെള്ളം പോരേയെന്ന് ചോദിച്ച മന്ത്രിയുടെ വസതിയിൽ ചെലവാകുന്നത് 60,000 ലിറ്റർ
|വെള്ളക്കരം വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിനുള്ള മറുപടിയിലാണ് നാലോ അഞ്ചോ പേരുള്ള കുടുംബത്തിന് ഒരുദിവസം 100 ലിറ്റർ വെള്ളം മതിയാകുമെന്ന് മന്ത്രി പറഞ്ഞത്.
തിരുവനന്തപുരം: അഞ്ചംഗ കുടുംബത്തിന് പ്രതിമാസം 15,000 ലിറ്റർ വെള്ളം പോരേയെന്ന് ചോദിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വീട്ടിൽ ഒരു മാസം ചെലവാകുന്നത് 60,000 ലിറ്റർ വെള്ളം. നിയമസഭയിൽ ചാലക്കുടി എം.എൽ.എ സനീഷ് കുമാർ തോമസിന് മന്ത്രി തന്നെ നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്.
ഫെബ്രുവരി ഏഴിന് വെള്ളക്കരം വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിനുള്ള മറുപടിയിലാണ് നാലോ അഞ്ചോ പേരുള്ള കുടുംബത്തിന് ഒരുദിവസം 100 ലിറ്റർ വെള്ളം മതിയാകുമെന്ന് മന്ത്രി പറഞ്ഞത്. പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ച മന്ത്രി ഒരാൾക്ക് 100 ലിറ്റർ എന്നാണ് ഉദ്ദേശിച്ചതെന്നും കുടുംബത്തിന് 500 ലിറ്റർ വെള്ളം മതിയാകുമെന്നും പറഞ്ഞു. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന ഉപദേശവും മന്ത്രി നൽകിയിരുന്നു.
എന്നാൽ മന്ത്രി മന്ദിരത്തിൽ കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ 1.22 ലക്ഷം ലിറ്റർ (പ്രതിമാസം 60,000 ലിറ്റർ) വെള്ളമാണ് ഉപയോഗിച്ചത്. രണ്ട് കണക്ഷനാണ് മന്ത്രിയുടെ വസതിയിലുള്ളത്.
വെള്ളക്കരം വർധിപ്പിക്കുമ്പോഴും കുടിശ്ശിക ഇനത്തിൽ വൻ തുകയാണ് സർക്കാരിന് പിരിഞ്ഞുകിട്ടാനുള്ളത്. 1591 രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളതെന്നാണ് മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നത്. കുടിശ്ശിക പിരിച്ചെടുക്കാൻ തീവ്ര ശ്രമത്തിലാണെന്നാണ് മന്ത്രി പറഞ്ഞത്. യുദ്ധകാലാടിസ്ഥാനത്തിൽ കുടിശ്ശിക പിരിച്ചെടുക്കാനായി എല്ലാ ഓഫീസുകളിലും ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെ വാർ റൂമുകൾ പ്രവർത്തിച്ചുവരികയാണെന്നും മന്ത്രിസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.
ഈ കാലയളവിലും കുടിശ്ശിക അടക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കും. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വാട്ടർ അതോറിറ്റി നേരിടുന്നത്. നിലവിൽ 1,000 ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് 22.85 രൂപ വാട്ടർ അതോറിറ്റിക്ക് ചെലവാകുന്നുണ്ട്. എന്നാൽ 10.92 രൂപ മാത്രമാണ് ഒരു കിലോ ലിറ്റർ വെള്ളം വിതരണം ചെയ്യുമ്പോൾ ലഭിക്കുന്നത്. അതായത് ഒരു കിലോ ലിറ്റർ വെള്ളം വിതരണം ചെയ്യുമ്പോൾ വാട്ടർ അതോറിറ്റിക്ക് 11.93 രൂപ നഷ്ടം വരുന്നുണ്ട്. വൈദ്യുതി ചാർജ് ഇനത്തിൽ കെ.എസ്.ഇ.ബിക്ക് 1263.64 കോടി രൂപ വാട്ടർ അതോറിറ്റി നൽകാനുണ്ട്. ലിറ്ററിന് ഒരു പൈസ വർധിപ്പിച്ചാൽ 401.61 കോടി രൂപ അധിക വാർഷിക വരുമാനം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.