Kerala
Minister Saji Cherian said that action will be taken if the allegations against Ranjith are proved
Kerala

'ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്'; രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ വീണ്ടും സജി ചെറിയാൻ

Web Desk
|
24 Aug 2024 6:48 AM GMT

രാജ്യത്തെ തന്നെ പ്രഗത്ഭനായ കലാകാരനാണ് രഞ്ജിത്തെന്നും കേസിൽ അദ്ദേഹം നിരപരാധിയാണെങ്കിൽ എന്തു ചെയ്യുമെന്നുമാണ് നേരത്തെ സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചത്

തിരുവനന്തപുരം: രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തിൽ വീണ്ടും പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. തെറ്റ് ആരു ചെയ്താലും സർക്കാർ സംരക്ഷിക്കില്ല. രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലെ പ്രതികരണം വിവാദമായതിനു പിന്നാലെയാണ് ഫേസ്ബുക്കിലൂടെ കൂടുതൽ വിശദീകരണവുമായി സജി ചെറിയാൻ രംഗത്തെത്തിയത്. നടി പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കാമെന്നാണ് നേരത്തെ സജി ചെറിയാൻ അറിയിച്ചത്. രാജ്യത്തെ തന്നെ പ്രഗത്ഭനായ കലാകാരനാണ് അദ്ദേഹം. കേസിൽ അദ്ദേഹം നിരപരാധിയാണെങ്കിൽ എന്തു ചെയ്യും. പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷിച്ചു വേണം കുറ്റക്കാരനാണോയെന്ന് അറിയാനെന്നും സജി ചെറിയാൻ വ്യക്തമാക്കി.

രഞ്ജിത്തിന്റെ രാജിക്കായി മുറവിളി ശക്തമാകുകയാണ്. സംവിധായകൻ സ്ഥാനത്തുനിന്നു മാറണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സ്ത്രീപക്ഷ പ്രവർത്തകർ ആവശ്യപ്പെട്ടു. സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും സ്ത്രീപക്ഷ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

രഞ്ജിത്തിനെതിരായ ആരോപണത്തിൽ നിയമജ്ഞരുടെ സഹായം തേടി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ ആവശ്യപ്പെട്ടു. സംവിധായകൻ ജോഷി ജോസഫ് നടിയുടെ ആരോപണം ശരിവച്ചിട്ടുണ്ട്. ഇത് ഗൗരവത്തോടെ കാണണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച മാത്രം പോര. നിയമനടപടികളും വേണമെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു.

അതിനിടെ, രഞ്ജിത്തിനെതിരെ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്കു പരാതി നൽകി. ബംഗാളി നടിയുടെ ആരോപണം അന്വേഷിച്ച് കേസെടുക്കണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ടാണ് പരാതി നൽകിയത്.

Summary: Minister Saji Cherian said that action will be taken if the allegations against Ranjith are proved

Similar Posts