'ജാസി ഗിഫ്റ്റിനോട് മാപ്പ് പറയണം'; പ്രിൻസിപ്പലിന്റേത് അപക്വമായ നടപടിയെന്ന് സജി ചെറിയാൻ
|സാംസ്കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലുണ്ടായ സംഭവത്തിൽ ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റിന് പിന്തുണയറിയിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കോളജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. വിഷയത്തിൽ കോളജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റുതിരുത്തി ജാസി ഗിഫ്റ്റിനോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
"മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ച് ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. ഈ വിഷയത്തിൽ കോളജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റുതിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട്" മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ ജാസി ഗിഫ്റ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയത് വിവാദമായിരുന്നു. ജാസി ഗിഫ്റ്റിനൊപ്പമുള്ള ആളെ പാടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രിൻസിപ്പലിന്റെ നടപടി. ഇതിനുപിന്നാലെ പാട്ട് പൂർത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
"സഹിഷ്ണുത എന്താണെന്ന് ടീച്ചർമാരാണ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ടത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പലിന്റെ നടപടി അപമാനിക്കുന്നതിന് തുല്യമാണ്. പരസ്പര ബഹുമാനം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഒരാളെയും അയാൾചെയ്യുന്ന ജോലിയിൽ നിന്ന് ബലാൽക്കാരമായി പിടിച്ച് തള്ളാൻ ഇവിടെ ആർക്കും അധികാരമില്ല. ഒരു ആവശ്യവുമില്ലാത്ത കാരണം പറഞ്ഞാണ് പ്രിൻസിപ്പൽ മൈക്ക് തട്ടിപ്പറിച്ചത്. ഒരു കോളജ് പരിപാടിക്ക് വിളിക്കുമ്പോൾ അവിടുത്തെ മാനേജ്മെന്റുമായി എല്ലാം സംസാരിച്ച് തീരുമാനമായിട്ടാണ് പോകുന്നത്. സ്റ്റേജിലേക്ക് വരുമ്പോൾ എന്തൊക്കെയാണ് വേണ്ടത്, വേണ്ടാത്തത് എന്നൊക്കെ പറയാം. അത് പറയാനുള്ള ഒരു രീതിയുണ്ട്" - എന്നായിരുന്നു സംഭവത്തിൽ ജാസി ഗിഫ്റ്റിന്റെ പ്രതികരണം.
വിദ്യാർഥികൾ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോളജ് ഡേ പരിപാടിയിൽ മുഖ്യാതിഥിയായി ജാസി ഗിഫ്റ്റ് എത്തിയത്. വിദ്യാർഥികളുടെ അഭ്യർത്ഥന പ്രകാരമാണ് പാടിയത്. പാടുന്നതിനിടയിൽ വേദിയിലേക്ക് ഓടിയെത്തിയ പ്രിൻസിപ്പൽ ജാസി ഗിഫ്റ്റ് മാത്രം പാടിയാൽ മതിയെന്നും കൂടെയുള്ള ആളെ പാടാൻ അനുവദിക്കില്ലെന്നും പറഞ്ഞ് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു.