പനി, അവധിക്ക് അപേക്ഷിച്ച് ശിവൻകുട്ടി; നിയമസഭയിലെത്തില്ല
|മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കുന്നുണ്ട്.
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ പ്രതിസ്ഥാനത്തുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് സഭയിലെത്തില്ല. പനി മൂലം മന്ത്രി സ്പീക്കർ എംബി രാജേഷിന് അവധി അപേക്ഷ നൽകി. കേസിൽ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധിക്ക് പിന്നാലെ ശിവൻകുട്ടി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കുന്നുണ്ട്. എന്നാൽ ശിവൻകുട്ടിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയും. രാജി വയ്ക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. വിചാരണ നേരിടണമെന്നാണ് കോടതി പറഞ്ഞതെന്നും കുറ്റക്കാരനെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ, സ്ഥാനം രാജിവയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. 'സംഭവിച്ചതിൽ കുറ്റബോധമില്ല. കോടതി വിധി അംഗീകരിക്കുന്നു. കോടതി ഭരണഘടനാ കാര്യങ്ങളാണ് പരിശോധിച്ചത്. കോടതി വ്യക്തിപരമായ ഒരു നിരീക്ഷണവും നടത്തിയിട്ടില്ല. സംഭവിച്ചതിൽ കുറ്റബോധവുമില്ല. ഇത് ഇന്ത്യാ രാജ്യത്തെ ആദ്യത്തെ വിധിയല്ല. ശിക്ഷ നേരിടേണ്ടി വരുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് സമരങ്ങൾ നടത്തുന്നത്. സമരം ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനുമെതിരെയാണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടായെന്ന് വരും. വിധി പൂർണമായി അംഗീകരിക്കുന്നു. വിചാരണ നേരിടും ' - ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം, രാജിയാവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് പുറമേ, മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഇന്ന് കോൺഗ്രസിന്റെ കലക്ടറേറ്റ് ധർണയും നടക്കുന്നുണ്ട്. ജൂലൈ മുപ്പതിന് മണ്ഡലം തലത്തിൽ പ്രതിഷേധ പ്രകടനങ്ങളും നടക്കും.
സുപ്രിംകോടതി വിധി
കേസിൽ ശിവൻകുട്ടി അടക്കമുള്ള ആറു പ്രതികളും വിചാരണ നേരിടണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്. നിയമസഭയിലെ അക്രമങ്ങളിൽ ജനപ്രതിനിധികൾക്ക് നിയമപരിരക്ഷ നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ ആവശ്യം തള്ളി. സഭയിൽ നടന്നത് പ്രതിഷേധമാണ് എന്ന സർക്കാർ വാദം കോടതി നിരാകരിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി.
'പദവികളും വിശേഷാധികാരവും ഉത്തരവാദിത്വ നിർവഹണത്തിന് മാത്രമാണ്. ക്രിമിനൽ നിയമത്തിൽ നിന്ന് ഇളവു നൽകാനുള്ള ഗേറ്റ് വേയല്ല. അങ്ങനെയെങ്കിൽ അത് പൗരന്മാരോടുള്ള വഞ്ചനയാണ്. വകുപ്പ് 19(1)എ എല്ലാവർക്കും ആവിഷ്കാര സ്വാതന്ത്ര്യം നൽകുന്നുണ്ട്. ആർട്ടിക്കിൾ 101 പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കകത്തും സ്വാതന്ത്ര്യം വകവച്ചു നൽകുന്നു. നരസിംഹറാവു വിധിയെ സർക്കാർ തെറ്റായി വ്യാഖാനിക്കുകയായിരുന്നു. സഭയിൽ നടന്നത് പ്രതിഷേധമാണ് എന്ന് പറയാൻ ആകില്ല. ജനപ്രതിനിധികൾ ഭരണഘടനയുടെ രേഖകൾ മറികടന്നു. അവർക്ക് പരിരക്ഷ ലഭിക്കില്ല' - കോടതി വ്യക്തമാക്കി.
ശിവൻകുട്ടിക്ക് പുറമെ കെ.ടി ജലീൽ, ഇ.പി ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ സദാശിവൻ, കെ. അജിത്ത് എന്നിവർ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.