അർജൻറീന ഫുട്ബാൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കും; മന്ത്രി വി. അബ്ദുറഹ്മാൻ നാളെ സ്പെയിനിൽ
|അർജൻറീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തും
തിരുവനന്തപുരം: അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ മന്ത്രി വി. അബ്ദുറഹ്മാൻ സ്പെയിനിലേക്ക്. ബുധനാഴ്ച സ്പെയിനിലെ മഡ്രിഡിൽ എത്തുന്ന മന്ത്രി അർജൻറീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തും. സ്പോർട്സ് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിക്കൊപ്പം ഉണ്ടാകും.
മൂന്ന് ദിവസം സംഘം സ്പെയിനിലുണ്ടാകും. അർജന്റീന ടീം കേരളത്തിലേക്ക് എന്ന് വരുമെന്ന കാര്യത്തിൽ മൂന്ന് ദിവസത്തെ ചർച്ചയിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
മുമ്പും അർജന്റീന പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ കളിക്കാനുള്ള ക്ഷണം സ്വീകരിച്ച വിവരം ഈ വർഷം ആദ്യം അർജന്റീന ഫുട്ബാൾ അസോസിയേഷൻ കത്തിലൂടെ അറിയിച്ചിരുന്നു.
ടീം അടുത്തവർഷം പകുതിയോടെ കേരളത്തിലേക്ക് വരുമെന്നാണ് സൂചന. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് മത്സരത്തിന് പരിഗണിക്കുന്നത്. മൂന്ന് മത്സരങ്ങൾ കളിക്കുമെന്നാണ് വിവരം.