മലപ്പുറത്താണ് ഏറ്റവും കൂടുതൽ പെൺകുട്ടികൾ വിജയിച്ചതെന്നത് അഭിമാനകരം: മന്ത്രി വി.അബ്ദുറഹ്മാൻ
|വിദ്യാഭ്യാസ രംഗത്ത് മലപ്പുറത്തെ പെൺകുട്ടികൾ കൈവരിക്കുന്ന നേട്ടത്തെ പ്രകീർത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാൻ
മലപ്പുറം: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഇരുണ്ട കാലഘട്ടത്തിൽ നിന്ന് മലപ്പുറം മാറിയതായി മന്ത്രി വി.അബ്ദുറഹ്മാൻ. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പെൺകുട്ടികൾ വിജയിച്ചതെന്നത് അഭിമാനമേറ്റുന്നതായും മന്ത്രി പറഞ്ഞു. തിരൂരിൽ രണ്ടാമത് ടി.സി.വി പി.വാസു വിദ്യാഭ്യാസ പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.സി.വി ചെയർമാനായിരുന്ന പി.വാസു സ്മാരക രണ്ടാമത് വിദ്യാഭ്യാസ പുരസ്കാര വിതരണം തിരൂരിൽ നിർവഹിച്ച് സംസാരിക്കവേയാണ് വിദ്യാഭ്യാസ രംഗത്ത് മലപ്പുറത്തെ പെൺകുട്ടികൾ കൈവരിക്കുന്ന നേട്ടത്തെ പ്രകീർത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാൻ രംഗത്തെത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഒരുകാലത്ത് മലപ്പുറത്ത് പെൺകുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനയക്കാതെ വിവാഹം ചെയ്ത് അയച്ചിരുന്നു എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറി. ഇന്ന് മലപ്പുറത്താണ് ഏറ്റവും കൂടുതൽ പെൺകുട്ടികൾ വിജയിച്ചതെന്നത് അഭിമാനമേറ്റുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
മികച്ച ലാഭം കൊയ്യാവുന്ന മേഖലയായിട്ടു പോലും ജനങ്ങളെ ചൂഷണം ചെയ്യാതെ അവർക്ക് കൈത്താങ്ങാകുകയാണ് കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചെയ്തതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഫ്ളവേഴ്സ് ആന്റ് 24 ന്യൂസ് മാനേജിങ്ങ് ഡയറക്ടർ ആർ.ശ്രീകണ്ഠൻ നായർ പറഞ്ഞു. ഈവർഷത്തെ എസ്.എസ്.എൽ.സി -പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് കരസ്ഥമാക്കിയ ടി.സി.വി വരിക്കാരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മെമന്റോയും നൽകി മന്ത്രി അനുമോദിച്ചു.
കേബിൾ ടിവി ഓപ്പററ്റേഴ്സ് അസോസിയഷൻ സംസ്ഥാന പ്രസിഡന്റ് എം.അബൂബക്കർ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. പി.നന്ദകുമാർ എം.എൽ.എ, മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ.സുഷമ, തിരൂർ നഗരസഭാധ്യക്ഷ എ.പി നസീമ, വൈസ് ചെയർമാൻ പി.രാമൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ദീൻ, കേരളവിഷൻ ചെയർമാൻ എം.രാജ്മോഹൻ, സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എസ് രജനീഷ്, കേബിൾ ആന്റ് ഇന്റർനെറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.വിജയകൃഷ്ണൻ, കേരളവിഷൻ ഡിജിറ്റൽ ടിവി ഡയറക്ടർ സി.സുരേഷ്കുമാർ, ജില്ലാ സെക്രടറി സാജിത്ത്, ഗോൾഡ്് കേരളവിഷൻ ഡയറക്ടർ പി.വി അയ്യൂബ് എന്നിവർ സംസാരിച്ചു. ടി.സി.വി മാനേജിംഗ് ഡയറക്ടർ മനോഹരൻ പി സ്വാഗതവും ടി.സി.വി ഡയറക്ടർ പി.രഘുനാഥൻ നന്ദിയും പറഞ്ഞു.