ഹജ്ജ് യാത്രാനിരക്ക് വർധന; കേന്ദ്രത്തിന് കത്ത് നൽകിയെന്ന് മന്ത്രി
|യാത്രാനിരക്ക് കൂട്ടിയാൽ ഹജ്ജ് യാത്ര മുടങ്ങി പോകുമെന്നും അടിയന്തരമായി കേന്ദ്ര ഇടപെടൽ വേണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രയുടെ വിമാനനിരക്ക് വർധന കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നുവെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. കേന്ദ്ര വ്യോമയാന മന്ത്രിക്കും ന്യൂനപക്ഷ ക്ഷേമ മന്ത്രിക്കും കത്ത് നൽകിയെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പി.ടി.എ റഹീം എം.എൽ.എയുടെ സബമിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. യാത്രാനിരക്ക് കൂട്ടിയാൽ ഹജ്ജ് യാത്ര മുടങ്ങി പോകുമെന്നും അടിയന്തരമായി കേന്ദ്ര ഇടപെടൽ വേണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു.
കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറക്കാനുള്ള ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. റീ ടെന്‍ഡർ ഉള്‍പ്പെടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടും. അതേസമയം, കേന്ദ്ര ഹജ്ജ് കമ്മറ്റി നിഷ്ക്രിയമാണെന്നും ഹജ്ജിനായി നടത്തേണ്ട ഒരുക്കങ്ങൾ മന്ദഗതിയിലാണന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.