മന്ത്രി വി അബ്‌ദുറഹിമാന്റെ ഉദ്‌ഘാടന ചടങ്ങിന് എത്തിയില്ല; അയൽക്കൂട്ടങ്ങൾക്ക് 100 രൂപ പിഴ
|പുനലൂര്‍ ചെമ്മന്തൂര്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് പിഴ ചുമത്തിയത്
കൊല്ലം: കൊല്ലത്ത് കായിക മന്ത്രി വി. അബ്ദുറഹിമാൻ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ. പുനലൂര്‍ ചെമ്മന്തൂര്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് 100രൂപ പിഴ ചുമത്തിയത്. പുനലൂർ നഗരസഭ മുൻ കൗൺസിലർ സരോജാദേവി, സി ഡി എസ് ചെയർപേഴ്സൺ ഗീത ബാബു എന്നിവരാണ് വാട്സപ്പ് ഗ്രൂപ്പിലൂടെ പിഴയടയ്ക്കാൻ സന്ദേശമയച്ചത്.
അബ്ദുറഹിമാൻ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് അയൽക്കൂട്ടങ്ങളെല്ലാം പങ്കെടുക്കണമെന്ന് രണ്ടുദിവസങ്ങളായി വാട്സാപ്പിലൂടെ കൗൺസിലർമാർ അറിയിച്ചിരുന്നു. എങ്കിലും വളരെ കുറച്ച് അംഗങ്ങൾ മാത്രമാണ് എത്തിയത്. ഇതോടെയാണ് സിഡിഎസ് ചെയർപേഴ്‌സണും കൗൺസിലറും പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ് ഗ്രൂപ്പിൽ സന്ദേശമിട്ടത്. പരിപാടികളിൽ പങ്കെടുക്കുന്നതിന് ആളുകൾക്ക് മടി തോന്നാതിരിക്കാനാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ചെയർപേഴ്‌സന്റെ വിശദീകരണം.
എന്നാൽ, ജോലിക്ക് പോകുന്ന ആളുകളടക്കം അയൽക്കൂട്ടങ്ങളിൽ ഉണ്ടെങ്കിലും ബുദ്ധിമുട്ട് കാരണമാണ് ചടങ്ങിൽ എത്താതിരുന്നതെന്നുമാണ് അംഗങ്ങൾ പറയുന്നത്. അയൽക്കൂട്ടത്തിലെ അംഗങ്ങളിൽ നിന്ന് വലിയൊരു തുക പിരിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അംഗങ്ങൾ ആരോപിച്ചു.